
തിരുവനന്തപുരം: ലോക്കല്‍ സെക്രട്ടറിമാര്‍ പിരിച്ചെടുത്തു നല്കിയ പണം തിരിച്ചടയ്ക്കാനുണ്ടെന്ന് കാട്ടി മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരേ പരാതി നല്കാന് സിപിഎം. ലോക്കല്‍ സെക്രട്ടറിമാര്‍ പിരിച്ചെടുത്ത് നല്കിയ 4.80 ലക്ഷം രൂപ മധു തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നും അത് കിട്ടിയേ മതിയാകൂ എന്നാണ് സിപിഐഎമ്മിന്റെ ആവശ്യം.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് തീരുമാനം. സിപിഎം വിട്ട മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. മംഗലപുരം ഏരിയ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. പാര്‍ട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.
സിപിഎം വിട്ട മധുവിനെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ വീട്ടില്‍ വന്നു കണ്ടിരുന്നു. ഒടുവിലാണ് അദ്ദേഹം ബിജെപിയില്‍ തന്നെ ചേരാന്‍ ധാരണയായത്. സി പി എം ഏരിയാ സമ്മേളനത്തിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ മംഗലപുരം ഏരിയാ കമ്മിറ്റി ആറ്റിങ്ങല്‍ ഡിവൈ എസ് പിക്ക് പരാതി നല്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല.
പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ഏരിയാ സമ്മേളന നടത്തിപ്പിന് പണം പിരിച്ചിരുന്നു. ഈ തുകയാണ് തട്ടിയതെന്നാണ് ആരോപണം. പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ പാര്‍ട്ടിക്ക് കൈമാറാതെ കൈയില്‍ വെക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.






