
കല്‍പ്പറ്റ: കാറിന്റെ ഡോറില്‍ കൈ കുടുക്കിയ ആദിവായി യുവാവിനെ അക്രമിസംഘം വാഹനത്തില്‍ വലിച്ചിഴച്ചു. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തില്‍ മാതന് അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് 5.30 യോടെ നടന്ന സംഭവത്തില്‍ കാറില്‍ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്ന് യുവാവിന്റെ അരയ്ക്കും കാലുകള്‍ക്കും പരിക്കേറ്റു. മാനന്തവാടി പുല്പള്ളി റോഡിലാണ് സംഭവം. കെഎല്‍ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിലാണ് പ്രതികളെത്തിയത്. സംഘം കടന്നു കളഞ്ഞതിനെ തുടര്‍ന്ന് ഇവരെ പിടികൂടാനായില്ല. വയനാട്ടില്‍ എത്തിയ രണ്ടു വിനോദസഞ്ചാര സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടത്തിന്റെ പ്രതികാരമായിട്ടാണ് നടപടിയെന്നാണ് സൂചനകള്‍.
പയ്യംപള്ളി കൂടല്‍ കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികളുടെ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അതില്‍ മാതന് ഇടപെടുകയും ചെയ്തിരുന്നു. ഇതില്‍ കല്ലുമായി ആക്രമണത്തിന് ഒരുങ്ങിയ യുവാവിനെ മാതന് തടഞ്ഞിരുന്നു. പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മില്‍ തര്‍ക്കമുണ്ടായി.






