
റാന്നി: മദ്യവില്പ്പനശാലയ്ക്കു മുന്നിലുണ്ടായ അടിപിടിക്കും വീട്ടില്‍ചെന്നുള്ള വെല്ലുവിളിക്കും പിന്നാലെ യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കീക്കോഴൂരില്‍ വാടകയ്ക്കു താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന് അമ്പാടി സുരേഷ് (24) ആണ് മരണമടഞ്ഞത്.
സംഭവശേഷം ഒളിവില്‍പ്പോയ റാന്നി ചേത്തയ്ക്കല്‍ നടമംഗലത്തു വീട്ടില്‍ കുട്ടു എന്നു വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), നടമംഗലത്ത് വീട്ടില്‍ ശ്രീക്കൂട്ടന് എന്നു വിളിക്കുന്ന ഹരിശ്രീ വിജയന് (28), നീരേറ്റുകാവ് കക്കുടുമണ്‍ താഴത്തേക്കൂറ്റ് വീട്ടില്‍ അക്സം (25) എന്നിവരാണ് അറസ്റ്റിലായത്. അക്സം ഒഴികെ മൂന്നു പേരെ എറണാകുളത്തുനിന്നു റാന്നി ഡിവൈ.എസ്.പി: ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. അക്സം കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ല. ഇയാളെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.
15നു രാത്രി എട്ടിനു മന്ദമരുതിയിലെ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കു സമീപമായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം നിന്ന അമ്പാടി സുരേഷിനെ അമിത വേഗത്തില്‍ വന്ന മാരുതി സ്വിഫ്ട് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതായും പറയപ്പെടുന്നു. അരവിന്ദ്, അജോ, ശ്രീക്കുട്ടന് എന്നിവരാണ് സ്വിഫ്ട് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ അമ്പാടിയെ ആദ്യം റാന്നിയിലെയും പിന്നീട് കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വാഹനാപകടമായി മാത്രം കരുതുമായിരുന്ന കേസ് കൊലപാതകമാണെന്നു പോലീസിനു സൂചന ലഭിച്ചത് അമ്പാടിയുടെ സുഹൃത്തുക്കളുടെ മൊഴിയില്‍നിന്നാണ്. കൊലപാതകശേഷം അരവിന്ദും അജോയും ശ്രീക്കുട്ടനും കാര്‍ വെച്ചൂച്ചിറ കുന്നത്ത് ഉപേക്ഷിച്ചു മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലോടെ സ്വിഫ്ട് കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വാട്സാപ്പ് സന്ദേശത്തില്‍നിന്ന് അക്സത്തെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീടു മറ്റു പ്രതികളെ അവരുടെ നീക്കം നിരീക്ഷിച്ചു വലയിലാക്കുകയായിരുന്നു.
കഴിഞ്ഞ 15 ന് ഉച്ചകഴിഞ്ഞു മൂന്നോടെ ബിവറേജസ് കോര്‍പ്പറേഷന്റെ റാന്നി മദ്യവില്പ്പനശാലയ്ക്കു മുന്നില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്തായ മിഥുന് എന്നിവരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിനുവും വിഷ്ണുവും ബന്ധുവായ എരുമേലി സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടു മദ്യം വാങ്ങാന്‍ ബിവറേജസിലെത്തിയിരുന്നു. ഇൗ സമയം പ്രതികളില്‍ ഒരാളായ അജോ വര്‍ഗീസ് അവിടെ വരികയും മിഥുനെ കണ്ടപ്പോള്‍ അസഭ്യം പറയുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
അജോ വൈകിട്ട് അഞ്ചോടെ മിഥുന്റെ വീട്ടിലെത്തി അസഭ്യവര്‍ഷവും വെല്ലുവിളിയും നടത്തി. ഇൗ സമയം മിഥുന് വീട്ടിലില്ലായിരുന്നു. തുടര്‍ന്നു മിഥുനെ ഫോണില്‍ വിളിച്ച് അജോ അസഭ്യം പറയുകയും മന്ദമരുതിയിലേക്കു വരാന്‍ വെല്ലുവിളിക്കുകയും ചെയ്തു. രാത്രി എട്ടോടെ വിനു, വിഷ്ണു, മിഥുന് എന്നിവര്‍ ഹ്യൂണ്ടായി ഐ ടെന്‍ കാറില്‍ മന്ദമരുതിയിലേക്കു പുറപ്പെട്ടു. പോകുന്ന വഴി എസ്.സി. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപമുള്ള മാവേലില്‍ പമ്പിനു മുന്നില്‍നിന്ന് അമ്പാടിയെയും കാറില്‍ കയറ്റി.
മന്ദമരുതിയില്‍ ചെന്നപ്പോള്‍ അജോയുടെ സുഹൃത്തും അരവിന്ദിന്റെ ബന്ധുവുമായ ശ്രീക്കുട്ടനും അക്സവും സ്കൂട്ടറില്‍ വന്നു. ഇരു കൂട്ടരും തമ്മില്‍ അടിപിടിയുണ്ടായി. അതിനുശേഷം ശ്രീക്കുട്ടനും അക്സവും സ്കൂട്ടറില്‍ സ്ഥലം വിട്ടു. മിഥുന്, വിനു, വിഷ്ണു എന്നിവര്‍ കാറില്‍ കയറി. കാറിന്റെ സമീപത്തായി റോഡില്‍ നിന്ന അമ്പാടിയെ പ്ലാച്ചേരി ഭാഗത്തുനിന്നു വന്ന സ്വിഫ്ട് കാര്‍ ഇടിച്ചുതെറിപ്പിച്ചു. താഴെ വീണ അമ്പാടിയുടെ ശരീരത്തില്‍ കൂടി കയറ്റിയിറക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ട മൂന്നു പ്രതികളും എറണാകുളത്തുണ്ടെന്നു മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍നിന്നു മനസിലാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അരവിന്ദ് റാന്നി സ്റ്റേഷനില്‍ മൂന്നും വളപട്ടണം സ്റ്റേഷനിലും കേസുകളില്‍ പ്രതിയാണ്. അമ്പാടി സുരേഷ് വാഹനത്തില്‍ പൈനാപ്പിള്‍ കച്ചവടം നടത്തുകയായിരുന്നു. ഭാര്യ ഹണിയും ഒന്നരവയുള്ള മകന് സുദേവുമായി റാന്നി ഇട്ടിയപ്പാറക്കു സമീപം താമറത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.






