
ശബരിമല: രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ധനം തീര്‍ന്ന ഹെലികോപ്ടര്‍ പമ്പയില്‍ ഇറക്കി തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ഓര്മ പുതുക്കി റിട്ട. നേവി ഉദ്യോഗസ്ഥന് ഭാര്യയുമൊത്ത് ശബരിമല ദര്‍ശനത്തിനെത്തി.
39 വര്‍ഷം മുന്‍പ് തന്റെ ജീവന് രക്ഷിച്ചതിന് നന്ദി പറഞ്ഞാണ് കൊച്ചി നേവല്‍ ബേസിലെ ഫ്ളൈയിങ് ഇന്‍സ്ട്രക്ടറായിരുന്ന ജലന്ധര്‍ സ്വദേശിയായ ക്യാപ്റ്റന്‍ ഡി.പി. സിങ് ഒൗചാലയും ഭാര്യ അമന്‍ദീപ് കൗറും അയ്യപ്പനെ വണങ്ങിയത്. കരസേന എവിയേഷന്‍ ഇന്‍സ്ട്രക്ടറായിരുന്ന കേണല്‍ ശ്രീനാഗേഷ് ബി. നായര്‍ക്കൊപ്പമാണ് ഇന്നലെ ഉച്ചയോടെ ഇരുവരും ദര്‍ശനത്തിനെത്തിയത്.
ഡി.പി. സിങ് ഒൗചാലയും ഭാര്യയും കന്നി സ്വാമിയും മാളികപ്പുറവുമായാണ് പമ്പയില്‍നിന്ന് കെട്ടുമുറുക്കി ദര്‍ശനത്തിനെത്തിയത്. 41 ദിവസത്തെ കഠിന വ്രതാ നുഷ്ഠാനത്തിനൊടുവിലായിരുന്നു ദര്‍ശനം. ഉച്ചയ്ക്ക് നടയടയ്ക്കും മുന്‍പ് പതിനെട്ടാം പടികയറി ദര്‍ശനം നടത്തി.
1985 മെയ് 22-നാണ് ഡി.പി. സിങ് പൈലറ്റായ ഹെലികോപ്റ്റര്‍ പമ്പയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. സിങ് കൊച്ചി നേവല്‍ ബേസില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. പറന്നുയര്‍ന്നതിനു ശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമായ ഐലന്റ് എന്ന നിരീക്ഷണ വിമാനം 10 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് തെരച്ചിലിന് പുറപ്പെട്ടതായിരുന്നു ഡി.പി. സിങ് പറത്തിയ സേര്‍ച്ച് റെസ്ക്യു ഹെലികോപ്ടര്‍. തേക്കടി ഉള്‍പ്പെടെയുള്ള പല സ്ഥലത്തും ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തി നീങ്ങുമ്പോള്‍ പെട്ടെന്ന് കാലാവസ്ഥ മോശമായി.
ഇന്ധനം കുറവായതിനാല്‍ ഹെലികോപ്ടര്‍ തിരികെ നേവല്‍ ബേസ് വരെ പറക്കാനും പറ്റാത്ത അവസ്ഥ. ഇതോടെ പമ്പ കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡില്‍ ഹെലികോപ്ടര്‍ ഇറക്കി. അവിടെ ഉണ്ടായിരുന്നവരോട് സ്ഥലം ഏതെന്ന് അനേ്വഷിച്ചപ്പോഴാണ് പമ്പയാണെന്നും അയ്യപ്പന്റെ പൂങ്കാവനമാണെന്നും അറിഞ്ഞത്. അവിടെ ലാന്‍ഡ് ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ധനം പൂര്‍ണമായും തീര്‍ന്ന് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുമായിരുന്നു.
കൊച്ചിയില്‍നിന്ന് ഇന്ധനം കൊണ്ടു വന്ന് നിറച്ച ശേഷമാണ് ഹെലികോപ്ടര്‍ യാത്ര തുടര്‍ന്നത്. 39 വര്‍ഷത്തിന് ശേഷമാണ് തന്റെ ജീവന് രക്ഷിച്ച അയ്യപ്പസ്വാമിയെ ഒരു നോക്ക് കണ്ടു തൊഴാന്‍ അദ്ദേഹം എത്തിയത്. അയ്യപ്പസ്വാമി തന്ന രണ്ടാം ജന്മമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോഴായിരുന്നു ഇൗ സംഭവം. നിലവില്‍ പഞ്ചാബ് സര്‍ക്കാരിന്റെ പൈലറ്റാണ് അദ്ദേഹം. അന്ന് അദ്ദേഹം തേടിയിറങ്ങിയ ഐലന്‍ഡ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കുമളിക്ക് സമീപം മംഗളാദേവിയില്നിന്നാണ് കണ്ടെത്തിയത്. ചണ്ഡീഗഡില്‍ ആണ് ഇപ്പോള്‍ ഡി.പി. സിങ്ങും കുടുംബവും താമസം. രണ്ടു മക്കളുണ്ട്.
ശബരിമല യാത്രയിലെ മലകയറ്റവും ദര്‍ശനവും ഒക്കെ വളരെ നല്ല അനുഭവമായിരുന്നെന്ന് സിങ് പറഞ്ഞു. സംഭവം നടന്ന് 39 വര്‍ഷത്തിന് ശേഷം തന്റെ ജീവന് തിരിച്ച് കിട്ടിയതിന് കാരണമായ പമ്പയില്‍ എത്താനും സന്നിധാനത്ത് അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നന്ദി പറയാനും സഹായിച്ച പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്തിനോടുള്ള സന്തോഷം കൂടി അറിയിച്ചാണ് അദ്ദേഹം മലയിറങ്ങിയത്.






