
തിരുവനന്തപുരം: എ.ഡി.ജി.പിമാരായ എം.ആര്. അജിത്കുമാറിനും സുരേഷ് രാജ് പുരോഹിതിനും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാതീരുമാനം. എന്നാല്‍, അജിത്കുമാറിനു ഡി.ജി.പി. പദവി ലഭിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അടുത്ത ജൂലൈ ഒന്നിന് വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.
പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളില്‍ അജിത്കുമാറിനെതിരേ അനേ്വഷണം നടക്കുന്നുണ്ടെങ്കിലും അത് സര്‍ക്കാര്‍ കാര്യമാക്കുന്നില്ലെന്ന സന്ദേശമാണു സ്ഥാനക്കയറ്റതീരുമാനം. അടുത്ത ജൂലൈയിലേ അജിത്കുമാറിനു ഡി.ജി.പി. പദവി ലഭിക്കാനിടയുള്ളൂവെന്നു മാത്രമല്ല, അതേ ബാച്ചില്‍പ്പെട്ട സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു തിരിച്ചെത്തിയാല്‍ കാത്തിരിപ്പ് പിന്നെയും നീളും. അതായത്, ഡി.ജി.പി. നിഥിന് അഗര്‍വാള്‍ വിരമിക്കുന്നതുവരെ. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജിയിലാണു പുരോഹിത്. ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റപ്പെട്ടശേഷം ബറ്റാലിയന് ചുമതലയുള്ള എ.ഡി.ജി.പിയാണ് അജിത്കുമാര്‍.
മന്ത്രിസഭാതീരുമാനപ്രകാരം ഐ.ജി: തരുണ്‍കുമാര്‍ എ.ഡി.ജി.പിയാകും. 2000 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. 2007 ബാച്ച് ഉദ്യോഗസ്ഥരായ ദേബേഷ്കുമാര്‍ ബെഹ്റ, ഉമാ ബെഹ്റ, രാജ്പാല് മീണ, ജെ. ജയനാഥ് എന്നിവര്‍ ഐ.ജിമാരാകും. 2011 ബാച്ചില്‍പ്പെട്ട യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കെ. കാര്‍ത്തിക്, പ്രതീഷ് കുമാര്‍, ടി. നാരായണ്‍ എന്നിവര്‍ക്കു ഡി.ഐ.ജി. പദവി ലഭിക്കും. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അനേ്വഷണം നടക്കുന്നുണ്ടെങ്കിലും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിനു തടസമാകുന്ന തരത്തിലുള്ള അന്വേഷണം അജിത്കുമാറിനെതിരേ നടക്കുന്നില്ലെന്നാണ് സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തിയത്. ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരാണു സ്ക്രീനിങ് കമ്മിറ്റിയിലുള്ളത്.
അടുത്ത ഏപ്രില്‍ മൂന്നിനു ഫയര്‍ ആന്‍ഡ് റെസ്ക്യൂ മേധാവി കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ, ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. മനോജ് ഏബ്രഹാമാകും ഡി.ജി.പിയാവുക. അതിനുശേഷമേ അടുത്ത രണ്ടുപേര്‍ക്ക് അവസരം ലഭിക്കൂ. 1995 ബാച്ച് ഐ.പി.എസുകാരാണ് അജിത്കുമാറും പുരോഹിതും. തരുണ്‍കുമാര്‍ നിലവില്‍ ഉത്തരാഖണ്ഡിലാണ്. എ.ഡി.ജി.പിയായാലും അദ്ദേഹം ഉടന്‍ കേരളത്തിലേക്കു മടങ്ങാനിടയില്ല.
ഫെബ്രുവരിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് പൂര്‍ത്തിയായി പുരോഹിത് തിരിച്ചെത്തിയാല്‍ ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ ഡി.ജി.പിയാകും. ഇൗമാസം ഒടുവില്‍ ഡി.ജി.പി. സഞ്ജീവ്കുമാര്‍ പട്ജോഷി വിരമിക്കും. എന്നാല്‍, പ്രത്യേകാനുമതിയോടെ നിഥിന് അഗര്‍വാളിനു ഡി.ജി.പി. തസ്തിക നല്കിയിട്ടുള്ളതിനാല് പട്ജോഷിയുടെ ഒഴിവിലേക്കു സ്ഥാനക്കയറ്റമുണ്ടാകില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ യോഗേഷ് ഗുപ്ത ഡി.ജിപിയായിരുന്നു. അതിനുശേഷമാണു ബി.എസ്.എഫില്‍നിന്നു നിഥിന് അഗര്‍വാള്‍ മടങ്ങിയെത്തിയത്.
ഇതോടെ, മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് പ്രത്യേകാനുമതിയോടെ ആറുമാസക്കാലാവധിയില്‍ ഡി.ജി.പി. റാങ്ക് നല്‍കുകയായിരുന്നു. തരുണ്‍കുമാര്‍ ഡെപ്യൂട്ടേഷനിലായതിനാല്‍ ഇത്തവണ ഐ.ജിമാരില്നിന്ന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റമുണ്ടാവില്ല. സ്ഥാനക്കയറ്റം ലഭിച്ച യതീഷ് ചന്ദ്ര മേഖലാ ഡി.ഐ.ജിയാകും. ആറ് എസ്.പിമാര്‍ക്കു സ്ഥാനചലനമുണ്ടാകും.






