
ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും അഭിനേത്രിയുമായ സൊനാക്ഷി സിന്‍ഹ ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ്. കരിയര്‍ പോലെ തന്നെ കുടുംബത്തിനും വളരെയേറെ പ്രാധാന്യം നല്കുന്ന താരമാണ് സൊനാക്ഷി. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് സൊനാക്ഷി സിന്‍ഹയും സീരിയല്‍ സിനിമാ താരം മുകേഷ് ഖന്നയും തമ്മിലുള്ള വിവാദപരാമര്‍ശങ്ങളാണ്. വർഷങ്ങള്‍ക്കു മുൻപ് നടന്ന ടെലവിഷൻ പരിപാടിയില്‍ രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ ഉത്തരം നല്കിയ സൊനാക്ഷി സിൻഹയ്ക്ക് നേരെയാണ് മുകേഷ് ഖന്ന അടുത്തിടെ വിവാദ പരാമര്‍ശം നടത്തിയത്. അടുത്തിടെ നല്കിയ ഒരഭിമുഖത്തിലും സൊനാക്ഷിയെ മുകേഷ് ഖന്ന വിമർശിച്ചതോടെ വർഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇനിയും പറയരുതെന്ന് സൊനാക്ഷിയും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചു.
ഇപ്പോഴിതാ സൊനാക്ഷിയുടെ മറുപടിക്ക് പിന്നാലെ മുകേഷ് ഖന്ന ഇപ്പോള്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ്. നിരന്തര വിമർശനങ്ങള്‍ക്ക് വിരാമമിട്ടാണ് മുകേഷ് ഖന്നയുടെ പുതിയ വാക്കുകള്‍.
‘‘പ്രിയപ്പെട്ട സൊനാക്ഷി, നിങ്ങള്‍ പ്രതികരിക്കാൻ ഇത്രയധികം സമയമെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. പ്രശസ്തമായ കോൻ ബനേഗാ ക്രോർപതി എന്ന ഷോയില്‍ നിങ്ങള്‍ക്കുണ്ടായ സംഭവം വീണ്ടും എടുത്തു പറഞ്ഞതിന് നിങ്ങള്‍ക്ക് എന്നോട് വിരോധം തോന്നുമെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങളെയോ എന്റെ സീനിയറായ നിങ്ങളുടെ പിതാവിനെയോ അപകീർത്തിപ്പെടുത്താൻ എനിക്ക് യാതൊരു ഉദ്ദ്യേശവുമില്ല. നിങ്ങളടെ പിതാവുമായി എനിക്ക് വളരെ സൗഹാർദ്ദപരമായ ബന്ധമുണ്ടെന്നും ഞാൻ നിങ്ങളോട് പറയട്ടെ.
ഇന്നത്തെ ഓരോ യുവതലമുറയും അറിഞ്ഞിരിക്കേണ്ട നമ്മുടെ സംസ്കാരത്തിലും സംസ്കൃതിയിലും ചരിത്രത്തിലും സൂക്ഷിച്ചിരിക്കുന്ന അതിവിശാലമായ അറിവുണ്ടെന്ന് അവരോട് പറയുക എന്നതായിരുന്നു ലക്ഷ്യം. ഇന്റർനെറ്റിനും മൊബൈല്‍ ഫോണുകള്‍ക്കും അടിമകളായി മാറിയ ഇന്നത്തെ തലമുറയോട് പ്രതികരിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. അവരുടെ അറിവ് വിക്കിപീഡിയയിലും യുട്യൂബിലെ സാമൂഹിക ഇടപെടലുകളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.എന്റെ ഒന്നിലധികം അഭിമുഖങ്ങളില്‍ അതിനെക്കുറിച്ച് സംസാരിച്ചതില്‍ ഞാൻ ഇപ്പോള്‍ ഏറെ ഖേദിക്കുന്നു. ഇനി അത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്കുന്നു...’’ മുകേഷ് ഖന്ന പറഞ്ഞു.
2019 ല്‍ അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗ ക്രോർപതി’ (കെബിസി) എന്ന ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൊനാക്ഷി തെറ്റായി ഉത്തരം നല്‍കിയത്. സോനാക്ഷിയെ കൂടാതെ പിതാവ് ശത്രുഘ്നൻ സിൻഹയേയും അന്ന് മുകേഷ് ഖന്ന വിമർശിച്ചിരുന്നു.






