
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കു സി.എം.ആര്.എല്‍. കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയനേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്.എഫ്.ഐ.ഒ. ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, ആ നേതാവാരെന്നു പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമുണ്ടെന്നു കോണ്‍ഗ്രസ് എം.എല്‍.എ. മാത്യു കുഴല്നാടന്.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, ആ നേതാവ് താനല്ലെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുണ്ടോയെന്ന് കെ.പി.സി.സി. ആസ്ഥാനത്തു നടത്തിയ പത്രസമ്മേളത്തില്‍ കുഴല്നാടന് വെല്ലുവിളിച്ചു. ആദായനികുതി ഇന്റീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പി.വി. താനല്ലെന്ന് ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തോടു പറയാന്‍ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോ? സി.എം.ആര്.എലിന്റെ കോടികള്‍ കൈപ്പറ്റിയ പി.വി. താനാണെന്ന് അംഗീകരിക്കുന്നതിനു തുല്യമാണു മുഖ്യമന്ത്രിയുടെ മൗനം. കേരളത്തില്‍ ആ പേരുള്ള മറ്റൊരു പൊതുപ്രവര്‍ത്തകനുണ്ടോ?
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.എഫ്.ഐ.ഒയ്ക്ക് അനുവദിച്ച കാലാവധി എട്ടുമാസമാണ്. എന്നാല്‍, ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ല. സമയപരിധി കഴിഞ്ഞിട്ട് മൂന്നുമാസമായി. കെ.എസ്.ഐ.ഡി.സിയും വീണയും ഓരോ ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നു തിരിച്ചടി കിട്ടിയപ്പോള്‍ സി.എം.ആര്.എലിനെക്കൊണ്ട് മൂന്നാമത്തെ ഹൈക്കോടതിയെ സമീപിപ്പിച്ചു. രണ്ട് ഹൈക്കോടതികള്‍ തള്ളുകയും മൂന്നാമത്തെ ഹൈക്കോടതി ഇടപെടാന്‍ മടിക്കുകയും ചെയ്ത കേസിലാണ് എട്ടുമാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തത്.
ആര്‍ക്കുവേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത്? എസ്.എഫ്.ഐ.ഒ. അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് അന്വേഷണം പൂര്‍ത്തിയായെന്നാണ്. എങ്കില്‍ എന്തുകൊണ്ട് നടപടിയിലേക്കു കടന്നില്ല. അന്വേഷണം അനാവശ്യമായി നീട്ടാന്‍ പുതിയ വാദം നിരത്തുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ക്കു പുറമേ മാധ്യമസ്ഥാപനങ്ങള്‍ക്കും ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ക്കും സി.എം.ആര്.എല്‍. പണം നല്കിയെന്നു പറയുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായി കേസ് അന്വേഷിച്ചിരുന്നെങ്കില്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലിലാകുന്നതിന് എത്രയോ മുമ്പ് പിണറായിയും മകളും ജയിലിലാകുമായിരുന്നു. അതുണ്ടാകാതെ സംരക്ഷിച്ചതും പിണറായിയുടെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുത്തതും മോദിയാണ്. പിണറായിയേയും കുടുംബത്തെയും അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രി മോദി തുടലിട്ടു പിടിച്ചിരിക്കുന്ന കാഴ്ചയാണു കേരളം കാണുന്നത്. പിണറായി മുഖ്യമന്ത്രിയായി തുടരുന്നതു മോദിയുടെ ദയകൊണ്ടു മാത്രമാണ്.
ടോം ആന്‍ഡ് ജെറിയിലെ ജെറിയുടെ അവസ്ഥയിലുള്ള പിണറായി ബി.ജെ.പിക്കുവേണ്ടി എന്തും ചെയ്തുകൊടുക്കുമെന്ന നിലയിലാണ്. ബി.ജെ.പിക്കുവേണ്ടി എസ്.എഫ്.ഐ.ഒ. ഒരു പാര്‍ലമെന്റ് സീറ്റ് കേരളത്തില്‍ നേടി. അതില്‍ നിര്‍ണായകപങ്ക് വഹിച്ച എ.ഡി.ജി.പി: എം.ആര്. അജിത്കുമാറിന് ഡി.ജി.പിയായി മുഖ്യമന്ത്രി സ്ഥാനക്കയറ്റം നല്‍കിയെന്നും കുഴല്നാടന് ആരോപിച്ചു.






