
ന്യൂഡല്‍ഹി: രാമക്ഷേത്രമെന്ന വികാരം എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്നും പറഞ്ഞു.
അയോദ്ധ്യയ്ക്ക് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന് ഉന്നയിച്ചതിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം കൂടുതല്‍ ഗൗരവമുള്ളതാകും.
പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുകയും അവര്‍ ഹിന്ദുക്കളുടെ നേതാവാകാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി വിമര്‍ശിച്ചു.
രാമക്ഷേത്രം നിര്‍മ്മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ക്ക് തോന്നി. അതൊരു വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മറ്റ് പലയിടങ്ങളിലും സമാനരീതിയില്‍ പുതിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയര്‍ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാന്‍ ശ്രമിക്കുകയും വേണം. രാജ്യത്ത് ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






