
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ലഹരി ശൃംഖലകളെ തകർക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സംയുക്തമായി പ്രത്യേക തന്ത്രങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി മൂന്ന് വർഷത്തെ വിഷൻ ഡോക്യുമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, അടുത്ത വർഷം മുതൽ പദ്ധതികൾ നടപ്പാക്കി 2029ഓടെ രാജ്യം ലഹരിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ലഹരി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ വരാനിരിക്കുന്ന മൂന്ന് വർഷം നിർണായകമാണെന്നും, ഇതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ശൃംഖലകൾ ഇല്ലാതാക്കുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.






