
അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളുള്ളവർ അത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറണമെന്നും, തെളിവുകളില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐടിയുടെ ശുപാർശകൾ അനുസരിച്ച് സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ എട്ട് പേർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സനാതന മൂല്യങ്ങളെയും പൊതുജന വിശ്വാസത്തെയും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്‌ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.






