
കുമളി: ഷെഫീഖ് വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവര്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തി. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. 11 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
2013 ല്‍ നാലു വയസ്സുള്ളപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. തൊടുപുഴ ഒന്നാം അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ കുട്ടിക്ക് നടക്കാന്‍ കഴിയില്ല. ബുദ്ധി വികാസത്തിനും പ്രശ്നമുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാല്‍ താന്‍ ആരാണെന്ന് പോലും തിരിച്ചറിയാതെയാണ് ജീവിതം. ഓഗസ്റ്റില്‍ ജഡ്ജി ആഷ് കെ.ബാല്‍ ഷെഫീഖിനെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അനീഷ സമ്മതിച്ചു. കേസില്‍ മെഡിക്കല്‍ തെളിവാണ് നിര്‍ണ്ണായകമായത്.
കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും കട്ടിലില്‍ നിന്നും തനിയെ വീണാണ് പരിക്കു പറ്റിയതെന്നും ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതികള്‍ വാദിച്ചത്. എന്നാല്‍ ഷെഫീഖിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ കുട്ടിയുടെ കൈകള്‍ എത്താത്ത സ്ഥലങ്ങളില്‍ പോലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് ശേഷം ഷെഫീഖ് വര്‍ഷങ്ങളായി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഷെഫീഖിന് നീതി കിട്ടിയതായി രാഗിണിയും പ്രതികരിച്ചു.






