
തിരുവനന്തപുരം: തന്നെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഡി.ജി.പി: എം.ആര്. അജിത് കുമാര്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിലൂടെ എല്ലാം തെളിയണമെന്ന് രേഖാമൂലമാണ് എഡി.ജി.പിയുടെ അഭ്യര്‍ഥന. നിലവില്‍ ബറ്റാലിയന് എഡി.ജി.പിയായ അജിത് കുമാര്‍ അവധിയിലാണ്. വരുന്ന ഇരുപത്തിയെട്ടിന് തിരുവനന്തപുരത്ത് എത്തൂ.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്കുന്ന വിജിലന്‍സ് അനേ്വഷണ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി. ഒപ്പം സ്വര്‍ണക്കടത്തിലെ കള്ളമൊഴി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുമ്പ് ഇന്റലിജന്‍സ് എഡി.ജി.പി: പി. വിജയന് പോലീസ് മേധാവിക്കു നല്കിയ പരാതിയിലെ വിശദാംശങ്ങളും പുറത്തുവന്നു. ഇൗ കത്ത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
എം.ആര് അജിത് കുമാറിനു സര്‍ക്കാര്‍ ഡി.ജി.പി ഗ്രേഡ് നല്കാന് തീരുമാനിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഓരോന്നായി പൊന്തിയത്. തനിക്കു കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അനേ്വഷണസംഘത്തിന് എം.ആര്. അജിത്കുമാര്‍ നല്കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി. വിജയന് ഡി.ജി.പിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സാധാരണനിലയില്‍ ഡി.ജി.പിക്കു തന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ പരാതിയില്‍ 'ആവശ്യമായ' നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറി. ഇൗ സാഹചര്യത്തില്‍ കൂടിയാണ് തനിക്കെതിരായ പരാതി പോലീസ് മേധാവി അനേ്വഷിക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം.
പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളില്‍ അനേ്വഷണത്തിനു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അനേ്വഷണസമിതിയെയാണ്. ഇതേ സമിതി മുമ്പാകെയാണ് എഡി.ജി.പി: അജിത്കുമാര്‍ ഇന്റലിജന്റ്സ് എഡി.ജി.പി: പി. വിജയനെതിരേ മൊഴി നല്‍കിയത്. അജിത് കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന തീര്‍പ്പുമായി വിജിലന്‍സ് എത്തുന്നതിനു പിന്നാലെയാണ് പുതിയ പരാതി.
അനധികൃത സ്വത്ത്സമ്പാദനം, കുറഞ്ഞവിലയ്ക്ക് ഫ്ളാറ്റ് വാങ്ങി മറിച്ചുവിറ്റ് കള്ളപ്പണം വെളിപ്പിച്ചു, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം, മലപ്പുറം എസ്.പി. ക്യാമ്പിലെ മരംമുറി തുടങ്ങിയവയായിരുന്നു അജിത് കുമാറിനെതിരേയുള്ള പരാതി. പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ഇൗ പരാതികളിലൊന്നിലും വസ്തുതയില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
തൃശൂര്‍പ്പൂരം കലക്കി, ആര്.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തി എന്നീ ആരോപണങ്ങള്‍ മാത്രമാണ് ഇനി അജിത് കുമാറിനെതിരേ ബാക്കിയുള്ളത്. ഇതിലും അദ്ദേഹത്തിന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്.





