
പാലക്കാട് : നല്ലേപ്പിള്ളി ഗവ യു.പി സ്കൂളിൽ വിഎച്ച്പി നേതാക്കൾ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ക്രിസ്ത്യന് കൂട്ടായ്മയായ കാസ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. വിശ്വഹിന്ദു പ്രവർത്തകരുടെ നടപടി തികച്ചും അനാവശ്യവും ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയുടെ പ്രവർത്തകർക്ക് ചേരാത്തതും കേരളത്തിലെ സവിശേഷ സാഹചര്യം മനസ്സിലാക്കാതെയുള്ള ബുദ്ധിശൂന്യമായ പ്രവൃത്തിയുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ‘കാസ’ വ്യക്തമാക്കുന്നു.
‘സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടില്ല. സംഭവം വർഗീയ ചേരിതിരിവിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ചിലർ ഉപയോഗിക്കുന്നത് തികച്ചും അപഹാസ്യവും അപലപനീയമാണ്’- കാസ പറയുന്നു . ഗവൺമെൻ്റ് സ്കൂൾ ആയതുകൊണ്ട് തന്നെ, ഒരു മതത്തിൻ്റെ മാത്രമായ ആഘോഷങ്ങൾ നടത്തുന്നതിൽ തെറ്റുണ്ടെങ്കിൽ സ്കൂൾ അധികൃതരുടെ നടപടികൾക്ക് എതിരെ ഡിഇഒയ്ക്കോ വിദ്യാഭ്യാസ മന്ത്രിക്കോ പരാതി നൽകുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.
കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിനും ഈ രാജ്യത്തിനും ഈ ലോകത്തിലെ മാനവരാശിക്കാകമാനവും തന്നെ ഭീഷണിയായ ഇസ്ലാമിക മത മൗലീകവാദ തീവ്രവാദത്തിനെതിരെ സംസ്ഥാനത്തിന്റെയും ഈ രാജ്യത്തിന്റെയും തന്നെ രക്ഷയ്ക്കായി ഈ കേരളത്തിൽ രൂപപ്പെട്ടു വരുന്ന ക്രിസ്ത്യൻ - ഹൈന്ദവ ഐഖ്യത്തെ തകർക്കുവാനും ക്രിസ്ത്യനികളെ ഇവിടത്തെ ഇടതു വലതു കപട മതേതര മുന്നണികളിൽ എന്നേക്കുമായി അടിമകളായി തളച്ചിടാനുമായുള്ള അജണ്ടയുടെ ഭാഗമായി പാലക്കാട് സർക്കാർ സ്കൂളിൽ ക്രിസ്മസ് ആഘോഷം വിവാദമാക്കാനായി രാജ്യവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയ്ക്ക് ഒത്തു നൃത്തം ചവിട്ടിയ ചില VHP പ്രവർത്തകരുടെ നടപടിയിൽ ശക്തിയുക്തം കാസ പ്രതിഷേധം രേഖപ്പെടുത്തുകയും ആ സംഭവത്തിൽ അവർക്കെതിരെ നൽകപ്പെട്ടിരിക്കുന്ന പരാതിയിൽ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ സർക്കാർ കൃത്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്തുത സംഭവത്തിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള ഗൂഡലോചനകൾ നടന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവന്നു കുറ്റക്കാരെ നിയമനടപടികൾക്ക് വിധേയമാക്കണമെന്നും കാസ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.






