
വാട്സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന് പിന്‍വലിച്ചു. വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
ഹിജാബ് നിയമത്തെ തുടര്‍ന്നുണ്ടായിരുന്ന സംഭവ വികാസങ്ങളില്‍ 2022ലാണ് ഇറാന് വാട്സ്ആപ്പിനും ഗൂഗിള്‍ പ്ലേസ്റ്റോറിനും നിരോധന ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് വാട്സ്ആപ്പും ഗൂഗിള്‍ പ്ലേസ്റ്റോറും തിരികെയെത്തുന്നത്.
കര്‍ശനമായ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് പേരുകേട്ട ഇറാന്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ യുഎസ് അധിഷ്ഠിത പ്ലാറ്റ്ഫോമുകള് വളരെക്കാലമായി നിയന്ത്രിച്ചിട്ടുണ്ട്, എന്നിരുന്നാലും പല ഇറാനികളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്ക്കുകള് ഉപയോഗിച്ച് ഈ ബ്ലോക്കുകളെ മറികടക്കുന്നു.
പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമാണ് വാട്സ്ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ തിരികെയെത്തുന്നതിനോടൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുന്‍ഗണന നല്കുന്ന സമീപനം തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.






