
1933 ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ പുന്നയൂര്‍ക്കുളത്തുക്കാരനായ ടി. നാരായണന് നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. കോപ്പന് മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്.
മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്ക്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വികേ്ടാറിയ കോളജില്‍ ഉപരിപഠനം. രസതന്ത്രം ഐച്ഛിക വിഷയമായിട്ടെടുത്താണ് പഠിച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു. 1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്കൂളിലും പിന്നീട് ചാവക്കാട് ബോര്‍ഡ് ഹൈസ്കൂളിലും അധ്യാപകനായി. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില് അധ്യാപകനായും ജോലിനോക്കി.
ഇതിനിടെ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബി.ട്യൂട്ടോറിയലില് തിരിച്ചെത്തി. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള ജീവിതം കൂടുതലും കോഴിക്കോടായിരുന്നു.സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ എം.ടി. സാഹിത്യരചന തുടങ്ങി. കോളജ് കാലത്ത് തന്നെ ജയകേരളം മാസികയില്‍ കഥകള്‍ അച്ചടിച്ച് വന്നിരുന്നു. വിക്ടോറിയ കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്തരികള്' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.
'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഇൗ സമയത്താണു പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്' (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പില്ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു.
1963-64 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്ത് പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഇൗ മേഖലയില്‍ ദേശീയപുരസ്കാരം ലഭിച്ചു.
കാലം(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), രണ്ടാമൂഴം (1985-വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയപുരസ്കാരം ലഭിച്ചു.
മലയാളസാഹിത്യത്തിനു നല്കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഡി.ലിറ്റ്. ബിരുദം നല്കി ആദരിച്ചു. എം.ടിയുടെ കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.






