
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ ഏറെ മാന്യതയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. മന്മോഹന് സിംഗ് എന്നും അദ്ദേഹം കൊണ്ടുവന്ന സുപ്രധാന സാമ്പത്തീക പരിഷ്ക്കാരങ്ങള്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയും ഇന്ത്യന്‍ സാമ്പത്തിക മാതൃകയെ പുനര്‍നിര്‍വചിക്കുകയും ചെയ്തെന്നും മുന്‍ സഹമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരന്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൃദുവായ സംസാരവും എളിമയുള്ള വ്യക്തിത്വവും ആദരണീയമായ ബുദ്ധിശക്തിയുമുള്ള അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴില്‍, ധനമന്ത്രിയായി പ്രവര്‍ത്തിച്ചു കൊണ്ട് 90-കളിലെ പല സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്കി. അവയില്‍ പലതും ഇന്ത്യയുടെ സാദ്ധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയും ഇന്ത്യന്‍ സാമ്പത്തിക മാതൃകയെ പുനര്‍നിര്‍വചിക്കുകയും ചെയ്തു.
1990കള്‍ എന്നത് ടെലികോം രംഗത്തെ എന്റെ സംരംഭക ജീവിതം ആരംഭിച്ച കാലം കൂടിയായിരുന്നു. 26 വയസ്സുള്ള ടെക് സംരംഭകനെന്ന നിലയില്‍ അദ്ദേഹത്തെ ആദ്യമായി കണ്ട നാളുകള്‍ മുതല്‍ ടെലികോം വ്യവസായത്തില്‍ നിന്ന് ഞാന്‍ പുറത്തു വന്നപ്പോഴും പില്ക്കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ എംപിയായപ്പോഴുമെല്ലാം നേരിട്ട് കണ്ട ഓരോ അവസരത്തിലും അദ്ദേഹം ഏറെ സ്നേഹവും പിന്തുണയും നല്കി;
അതിന് എക്കാലവും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഏറെ മാന്യതയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. മന്മോഹന് സിംഗ് എന്ന് നിസ്സംശയം പറയാം. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.






