
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് രാജ്യം വിടനല്‍കി. ഭൗതീകശരീരം യുമുനാനദിയുടെ തീരത്ത് നിഗംബോധ്ഘട്ടില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം സംസ്ക്കരിച്ചു. രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം.
ആദരസൂചകമായി കേന്ദ്രം രാജ്യത്തുടനീളം ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്ഥാപക ദിനാഘോഷം ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കി ജനുവരി മൂന്നിന് പുനരാരംഭിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. സംസ്ക്കാരത്തിന് മുമ്പ് സിംഗിന്റെ സ്മാരകത്തിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ വെള്ളിയാഴ്ച തര്‍ക്കമുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഒരു സ്മാരകം നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് പകരം അന്തിമ ചടങ്ങുകള്‍ക്ക് നിഗംബോധ് ഘട്ട് അനുവദിച്ചതിനെ കോണ്‍ഗ്രസ് അപലപിച്ചു.
അന്ത്യകര്‍മങ്ങള്‍ നടക്കുന്ന അതേ സ്ഥലത്ത് ഡോ.സിംഗിന്റെ സ്മാരകം നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. രാഷ്ട്രതന്ത്രജ്ഞരുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നിടത്ത് തന്നെ അവരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കുന്ന അത്തരം പാരമ്പര്യത്തിന് അനുസൃതമായിരിക്കണം സ്മാരകത്തിന് സ്ഥലം അനുവദിക്കേണ്ടതെന്ന് ഖാര്‍ഗേ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.






