
കൊച്ചി: സംഘനൃത്ത പരിപാടിക്കിടയില്‍ അപകടം സംഭവിച്ച് പരിക്കേറ്റ ഉമാതോമസ് എംഎല്‍എയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും എങ്കിലും തല്ക്കാലം വെന്റിലേറ്റര്‍ സഹായം വേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍. മെഡിക്കല്‍ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം പുറത്തുവിട്ടു പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപകടനില പുര്‍ണ്ണമായും തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
തലച്ചോറിലുണ്ടായ ക്ഷതത്തിന്റെ അവസ്ഥ ഗുരുതരമായിട്ടില്ല. ആന്തരീക രക്തസ്രാവം കൂടിയിട്ടില്ലെന്നും വയറിന്റെ സ്കാനിംഗിലും കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അതേസമയം ശ്വാസകോശത്തിലെ ചതവ് ഗൗരവതരമാണെന്നും അതിന്റെ അവസ്ഥ കൂടിയിട്ടുണ്ടെന്നും ഇത് ചതവ് പരിഹരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
എംഎല്‍എ യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ മന്ത്രി പി.രാജീവും വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഹൈബി ഈഡന് എംപിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്നശേഷമാണ് ഇത്തരത്തില്‍ ഒരു പാരിപാടി നടക്കുന്ന കാര്യം തന്നെ അറിഞ്ഞതെന്നും സംഘാടകരുടെ ഭാഗത്ത് ഏതെങ്കിലും തരത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ 15 അടി ഉയരമുള്ള ഉദ്ഘാടനവേദിയില്‍ നിന്നും വീണാണ് കഴിഞ്ഞദിവസം ഉമാതോമസിന് പരിക്കേറ്റത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വേദിയിലെ കസേരയില്‍ ഇരുന്നശേഷം പരിചയമുള്ള ഒരാളെ കണ്ട് മുമ്പോട്ട് നടക്കുമ്പോള്‍ താല്‍ക്കാലിക റെയിലിലെ റിബ്ബണില് പിടിച്ചപ്പോള്‍ നിലതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ളാബ്ബില് തലയിടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.






