
വടകര: പോലീസ് പ്രബേഷന്‍ റിപ്പോര്‍ട്ട് എതിരായിട്ടും ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ കൊടി സുനിക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ചതു വിവാദമാകുന്നു. അമ്മയെ കാണാന്‍ പരോള്‍ ലഭിച്ചതിനേത്തുടര്‍ന്ന്, അഞ്ചുവര്‍ഷത്തിനുശേഷം സുനി പുറംലോകം കണ്ടു. കഴിഞ്ഞ 28-ന് തവനൂര്‍ ജയിലില്‍നിന്നാണു കൊടി സുനിയെന്ന എന്‍.കെ. സുനില്‍കുമാര്‍ പുറത്തിറങ്ങിയത്.
അസുഖബാധിതയായ തന്നെ കാണാന്‍ മകന് പരോള്‍ ആവശ്യപ്പെട്ട് സുനിയുടെ അമ്മയാണു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. തുടര്‍ന്ന്, കമ്മിഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി. പരോള്‍ അനുവദിക്കുകയായിരുന്നു. മുമ്പ് പരോള്‍ നല്കിയപ്പോഴൊക്കെ പുറത്തിറങ്ങി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടതിനേത്തുടര്ന്നാണു സുനിക്ക് പരോള്‍ അനുവദിക്കരുതെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സുനി ഉള്‍പ്പെടെ ടി.പി. കേസ് പ്രതികള്‍ക്കു പരോള്‍ അനുവദിക്കാനുള്ള നീക്കം മുമ്പും വിവാദമായിട്ടുണ്ട്.
അടുത്തിടെ കേസിലെ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന് നടത്തിയ നീക്കവും വന്‍വിവാദമായി. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ വിട്ടയയ്ക്കാനായിരുന്നു നീക്കം. എന്നാല്‍, ഇത് വിവാദമായതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ തലയൂരി. ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് ബിജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവര്‍ക്കെതിരേയായിരുന്നു നടപടി.
അതേസമയം അമ്മയെ കാണാനെങ്കില് 10 നാള് മതിയില്ലേയെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ. രമ ചോദിച്ചു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്കു 30 ദിവസം പരോള്‍ അനുവദിച്ചതു സംശയാസ്പദമാണെന്നും കെ.കെ. രമ ആരോപിച്ചു. അസാധാരണ നടപടിയാണുണ്ടായത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. ആഭ്യന്തരവകുപ്പ് അറിയാതെ ഇത് സാധ്യമല്ലെന്നും ഡി.ജി.പിക്കു മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ സാധിക്കില്ലെന്നും രമ പറഞ്ഞു.






