
കൊച്ചി: ഉമാതോമസ് എംഎല്‍എ കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും മെഡിക്കല്‍ വിദഗ്ദ്ധര്‍. ശ്വാസകോശ പ്രശ്നത്തില്‍ നേരിയ പുരോഗതിയെന്നും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയാണ് ഇനി വെല്ലുവിളിയെന്നും പറഞ്ഞു. പറയുന്നതിനോട് എല്ലാം പ്രതികരിച്ചെന്നും കൈകാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങിനെ ചെയ്തതായും പറഞ്ഞു. എന്നിരുന്നാലും ഗുരുതരവാവസ്ഥയില്‍ തന്നെയാണ് നില.
ഉമാ തോമസ് കൈകാലുകള്‍ അനക്കിയെന്ന് നേരത്തേ മകനും വ്യക്തമാക്കിയിരുന്നു. അമ്മേയെന്ന് വിളിച്ചപ്പോള്‍ വിളി കേട്ടെന്നായിരുന്നു മകന് നേരത്തേ പറഞ്ഞത്. കാലത്ത് ഏഴ് മണിയോടെ ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടർമാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. അതേസമയം വെന്റിലേറ്ററില്‍ തന്നെയാണ് ഇന്ന് രാവിലെ പരിശോധന നടത്തിയ ശേഷം പുതിയ മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി പുറത്തുവിട്ടു. ഞായറാഴ്ച വൈകിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ 12000 പേര് പങ്കെടുത്ത ഭരതനാട്യം പരിപാടിക്കിടയില്‍ 15 അടി ഉയരമുള്ള വേദിയില്‍ നിന്നും താഴെ വീണായിരുന്നു എംഎല്‍എയ്ക്ക് പരിക്കേറ്റത്.
കോണ്‍ക്രീറ്റ് സ്ളാബിലേക്ക് തലയടിച്ചു വീണ എംഎല്‍എ ബോധരഹിതയാകുകയും തുടര്‍ന്ന് പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിപാടി നടി ദിവ്യാഉണ്ണിയുടെ നേതൃത്വത്തിലാണ് നടന്നത്. അപകടം നടന്നതിന് പിന്നാലെ പരിപാടി വന്‍ വിവാദമായി മാറുകയും മതിയായ സുരക്ഷാ സൗകര്യം ഒരുക്കിയിരുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ പുറത്തു വരികയുമായിരുന്നു. വേദിയിലെ കസേരയില്‍ ഇരുന്ന ശേഷം പരിചയമുളള ഒരാളെ കണ്ട് മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു എംഎല്‍എ വീണത്.






