
തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഉണ്ണിയുടെ കരിയറിലെ മറ്റൊരു ടേണിംഗ് പൊയിന്റായ സിനിമ ഹിന്ദിയിലും മികച്ച കളക്ഷന്‍ സ്വന്തമാക്കി.
കലാസാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ഇതിനോടകം സിനിമ കണ്ടിരുന്നു. ഇപ്പോഴിതാ സ്പീക്കര്‍ എ.എന്‍ ഷംസീറും മാര്‍ക്കോ കാണാന്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
മാര്‍ക്കോയുടെ പോസ്റ്ററിന് മുന്നില്‍ നില്ക്കുന്ന ചിത്രമാണ് സ്പീക്കര്‍ പങ്കുവെച്ചത്. പിന്നാലെ നന്ദി അറിയിച്ച് ഉണ്ണിയും രംഗത്തെത്തി. മാര്‍ക്കോ കണ്ടതില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷംസീറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.
ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച സമയത്ത് മാര്‍ക്കോയുടെ ആദ്യ ടിക്കറ്റ് ഷംസീര്‍ സ്വന്തമാക്കിയിരുന്നു. ഷെരീഫ് മുഹദിന്റെ നിര്‍മാണത്തില്‍ ഉണ്ണിമുകുന്ദന് നായകനായി എത്തുന്ന മാര്‍ക്കോയ്ക്ക് വിജയം ആശംസിക്കുന്നുവെന്നും സ്പീക്കര്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചിരുന്നു.
ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്സ്റ്റണാണ്. ദ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.






