
കല്പറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. 750 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണചുമതല ആരെ ഏല്‍പ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കും. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടി വീടുകളുടെ ഡിസൈന്‍ കിഫ്ബിയാണ് തയ്യാറാക്കിയിരിക്കുന്നത്.
നിര്‍മ്മാണ കരാറില്‍ ഊരാളുങ്കല്‍ സൊസൈറ്റി അടക്കമുള്ളവര്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളുടെ നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം നല്കിയ സ്പോണ്‍സര്‍മാരുമായും രാഷ്ട്രീയപാര്‍ട്ടികളുമായും മുഖ്യമന്ത്രി ഉച്ചക്ക് നേരിട്ട് ചര്‍ച്ച നടത്തും. കര്‍ണ്ണാടക സര്‍ക്കാരിന്റേയും രാഹുല്‍ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ദുരന്തബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച.
പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി സ്പോണ്‍സര്‍മാരെ അറിയിക്കും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. നൂറു വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റേയും രാഹുല്‍ ഗാന്ധിയുടെ പ്രതിനിധികളും യോഗത്തിന് എത്തും. പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ സ്പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ ഒ അരുണിന് അധിക ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കല്‍ ചുമതല അദ്ദേഹം വഹിച്ചിരുന്നു.






