
2024 നയൻതാരയ്ക്കും വിഘ്നേഷ് ശിവനും സാഹസീകമായ ഒരു റോളർ കോസ്റ്റർ യാത്ര തന്നെയായിരുന്നു. വിവാദങ്ങൾ വിട്ടൊഴിഞ്ഞ സമയം ഉണ്ടായിരുന്നില്ല. വിജയപരാജയങ്ങൾ നിരവധി അനുഭവിക്കേണ്ടി വന്നു. എല്ലാം മറി കടന്ന് 2025ൽ എത്തി നിൽക്കുമ്പോൾ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയാണ് ഇരുവരും. വർഷാവസാനം പങ്കുവെച്ച കുറിപ്പുകളിലും പുതുവത്സരം ആശംസിച്ച് പങ്കിട്ട് കുറിപ്പിലുമെല്ലാം അത് വ്യക്തമായിരുന്നു. നയൻസ്-വിക്കി ഫാമിലിയുടെ സ്ഥിരം ഹോളിഡെ സ്പോട്ടായ ദുബായിലായിരുന്നു ഇത്തവണത്തെ ന്യൂഇയർ സെലിബ്രേഷൻ.
കഴിഞ്ഞ കുറച്ച് നാളുകളായി മക്കളേയും കൂട്ടി കേരളത്തിലും വിദേശ രാജ്യങ്ങളിലുമെല്ലാം ചുറ്റി സഞ്ചരിക്കുകയാണ് ഇരുവരും. ന്യൂ ഇയറിന്റെ തലേദിവസം എത്തിയപ്പോഴേക്കും സെലിബ്രേഷനായി ഇരുവരും കുടുംബസമേതം ദുബായിലെത്തി. ആഢംബര നൗകയിൽ ന്യൂ ഇയർ ഈവ്നിങ് ആഘോഷിക്കാൻ നടൻ മാധവനും ഭാര്യയും നയൻസിനും വിക്കിക്കും ഒപ്പമുണ്ടായിരുന്നു.
നയൻതാരയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന ടെസ്റ്റ് നിർമ്മാണഘട്ടത്തിലാണ്. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ഡ്രാമയിൽ ഇരുവർക്കുമൊപ്പം നടൻ സിദ്ധാർത്ഥും അഭിനയിക്കുന്നുണ്ട്. ദുബായിൽ സ്വന്തമായി അപ്പാർട്ടമെന്റും ബിസിനസുമെല്ലാമുള്ളയാളാണ് നയൻതാര.
ഒഴിവ് സമയം കിട്ടുമ്പോൾ മക്കളേയും കൂട്ടി ചിൽ ചെയ്യാൻ ഇരുവരും മിക്കപ്പോഴും പോകാറുള്ളതും ദുബായിലേക്കാണ്. പുതുവർഷം പിറന്ന നിമിഷത്തിൽ ബുർജ് ഖലീഫയ്ക്ക് താഴെ നയൻസിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങൾ വിഘ്നേഷ് പങ്കിട്ടിരുന്നു. ഇപ്പോഴിതാ ന്യൂഇയർ ആശംസകൾ നേർന്ന് വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പും ചിത്രങ്ങളുമാണ് വൈറലാകുന്നത്.
സ്നേഹം, സന്തോഷം, കുടുംബം, അനുഗ്രഹങ്ങൾ, നന്ദി... ജീവിതത്തിലെ നിങ്ങളുടെ അനുഗ്രഹങ്ങൾ നിങ്ങളുടെ കുടുംബത്തിൻ്റെ മുഖത്തെ ചിരിയുടെ അളവിന് നേരിട്ട് ആനുപാതികമാണ് എന്നാണ് വിഘ്നേഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ പങ്കിട്ട് കുറിച്ചത്. അനുഗ്രഹീത, കൃതജ്ഞത, ദൈവം മഹത്തരം എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം ചേർത്തിരുന്നു.
മക്കളായ ഉയിരിനേയും ഉലകിനേയും കൈകളിൽ എടുത്ത് കടൽ തീരത്ത് കൂടി ഓടുന്ന വിഘ്നേഷും നയൻതാരയുമാണ് ഫോട്ടോയിലുള്ളത്. നാലുപേരും വെളുത്ത നിറത്തിലുള്ള ടീ ഷർട്ടുകളാണ് അണിഞ്ഞിരിക്കുന്നത്.
ഉയിരും ഉലകും ജീവിതത്തിന്റെ ഭാഗമായ ശേഷം ഓരോ നിമിഷവും താരദമ്പതികൾ ആഘോഷമാക്കുകയാണ്. ആരാധകർ അടക്കം നിരവധി പേർ താരകുടുംബത്തിന് ന്യൂ ഇയർ ആശംസകളുമായി എത്തി.






