
ക്രിസ്മസ് അവധിയാഘോഷത്തില്‍ കൊച്ചി തിളങ്ങി നില്ക്കുന്ന സമയത്താണ് ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാ നൃത്ത പരിപാടിക്ക് അതിഥിയായെത്തിയ ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായ അപകടം സംഭവിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ഉമ തോമസിന്റെ അപകടം സുരക്ഷാക്രമീകരണങ്ങളിലുണ്ടായ വീഴ്ച കാരണമാണെന്ന് അന്നുമുതല്‍ കേള്‍ക്കുന്നുണ്ട്.
ക്യൂ മാനേജർ എന്നറിയപ്പെടുന്ന നിലത്തുറപ്പിക്കാത്ത സ്റ്റാൻഡില്‍ റിബണ്‍ കെട്ടിയാണ് അതിരുതിരിച്ചിരുന്നത്. കസേര മാറിയിരിക്കാൻ സംഘാടകർ നിർദ്ദേശിച്ചതിനെ തുടർന്ന് അവിടേയ്ക്ക് നീങ്ങുമ്പോഴാണ് കാലിടറിയ എം.എല്‍.എ റിബണില്‍ പിടിച്ചത്. അപ്പോഴാണ് ഉമ തോമസ് താഴേയ്ക്ക് പതിച്ചത്. 15 അടിയിലധികം ഉയരത്തില്‍ കെട്ടിപ്പൊക്കിയ വേദിയുടെ കാലുകള്‍ ഉറപ്പിച്ചത് നാല് സമിന്റ് കട്ടയ്ക്ക് മുകളിലാണെന്നുള്ളതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ ഉമ തോമസ് എംഎല്‍എ കാല് തട്ടി വേദിയില്‍നിന്ന് താഴേക്കു വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നെന്ന് ആര്‍ക്കു കണ്ടാലും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പരിപാടിക്കെത്തിയ ഉമ തോമസ് വേദിയുടെ പിന്നിലൂടെ നടന്ന് മുന്‍നിരയിലേക്കു വരുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്.
വേദിയിലെത്തിയ ഉമ തോമസിനെ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായ നടന് സിജോയ് വര്‍ഗീസും ഒരു യുവതിയും ചേര്‍ന്നു സ്വീകരിക്കുന്നതും അവര്‍ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നീടാണ് മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നിടത്തേക്കു നീങ്ങാനായി ഉമ എഴുന്നല്‍ക്കുന്നത്. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന യുവതിയെ മറികടന്നു നടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി ക്യൂ മാനേജറില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും ക്യൂ മാനേജര്‍ ഉള്‍പ്പെടെ എംഎല്‍എ താഴേക്കു പതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മന്ത്രി സജി ചെറിയാന്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, എഡിജിപി എസ്. ശ്രീജിത്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരുടെ കണ്മുന്നിലായിരുന്നു അപകടം. ഉമ തോമസ് താഴേക്കു വീഴുമ്പോള്‍ രക്ഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കസേരയില്‍നിന്നു വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. സ്ഥലപരിമിതിയും ഉറപ്പുള്ള ബാരിക്കേഡും ഇല്ലാത്തതാണ് അപകടകാരണമെന്നു ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്.
ഇതിനിടയില്‍ സാമ്പത്തികമായും വലിയ തിരിമറികള്‍ ഈ പരിപാടിയ്ക്കായി നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങളും വരുന്നുണ്ട്. സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിരതാമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസിന്റെ നിലവിലുള്ള തീരുമാനം.






