
വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കാമുകിയെ കാണിക്കാന്‍ ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയ മൃഗശാല സൂക്ഷിപ്പുകാരന് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആക്രമണത്തിന് ഇരയായ വ്യക്തി ഉസ്ബെക്കിസ്ഥാനിലെ പാര്ക്കന്റിലെ ഒരു സ്വകാര്യ മൃഗശാലയില്‍ മൃഗശാലാ സൂക്ഷിപ്പുകാരനാണ്. കാമുകിയുടെ മുന്പില് ആളാകാനാണ് ഇയാള്‍ ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്കുലോവ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റിലെ ജോലിക്കിടയില്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഇയാള്‍ സിംഹത്തിന്റെ കൂട്ടില്‍ കയറിയത്. ഇയാള്‍ കൈയില്‍ കരുതിയിരുന്ന ക്യാമറയില്‍ കൂടിന്റെ പൂട്ട് തുറന്ന് ഐറിസ്കുലോവ് സിംഹങ്ങളുടെ അടുത്തേക്ക് പോകുന്നത് കാണാം. മൂന്നു സിംഹങ്ങള്‍ ആയിരുന്നു കൂട്ടില്‍ ഉണ്ടായിരുന്നത്. ആദ്യം അവ ഇയാളെ ആക്രമിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിനു മുന്‍പ് സിംഹങ്ങളില്‍ ഒന്നിനെ സിംബ എന്ന് ഇയാള്‍ വിളിക്കുന്നത് കേള്‍ക്കാം.
സിംഹങ്ങളാല്‍ ചുറ്റപ്പെട്ടിട്ടും, ഐറിസ്കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നത്. തുടര്‍ന്ന് മൃഗങ്ങളിലൊന്ന് ഇയാളെ ആക്രമിക്കുമ്പോള്‍ ഇയാള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മൃഗശാല അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം സിംഹങ്ങള്‍ ഇയാളെ കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ഭയാനകമായ ആക്രമണത്തെ തുടര്‍ന്ന് മൃഗങ്ങളില്‍ ഒന്നിനെ രക്ഷാപ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു എന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതര്‍ അറിയിച്ചു.






