
മലയാള സിനിമയുടെ താരസംഘടനായ ‘അമ്മ’ വര്‍ഷങ്ങളായി മലയാളസിനിമാതാരങ്ങളുടെ സര്‍വ്വസ്വമാണ്. എന്നാല്‍ അടുത്തിടെയായി ‘അമ്മ’ സംഘടനയില്‍ ചില പിരിമുറുക്കങ്ങളും തര്‍ക്കങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങള്‍ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകർച്ചയുടെ വക്കിലായിരുന്നു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ഭാരവാഹികള്‍ നേതൃസ്ഥാനം ഒഴിഞ്ഞത് വിവാദങ്ങളില്‍ മറുപടി പോലും പറയാതെയാണ്.
‘അമ്മ’യുടെ വിവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഉന്നയിച്ചത് നടി പാർവതി തിരുവോത്തും മറ്റ് ഡബ്ല്യുസിസി അംഗങ്ങളുമാണ്. അതോടെ മാധ്യമങ്ങള്‍ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. തകർച്ചയില്‍ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന. പ്രതിഛായ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം അമ്മ കുടുംബ സംഗമവേദിയില്‍ സുരേഷ് ഗോപി നടത്തിയ പരാമർശം പാർവതി തിരുവോത്തിനെതിരെയാണെന്നാണ് സോഷ്യല്‍ മീഡിയ കാഴ്ചക്കാരുടെ അഭിപ്രായം. സംഘടനയെക്കുറിച്ച് പാർവതി തിരുവോത്തും സുരേഷ് ഗോപിയും നടത്തിയ പരാമർശങ്ങളാണ് ചർച്ചയ്ക്ക് കാരണമാകുന്നത്. അമ്മ സംഘടനയെക്കുറിച്ച് സംസാരിച്ച ശേഷമാണ് പലരുമതിനെ വിളിക്കുന്നത് ശരിയല്ലാത്ത രീതിയിലാണെന്ന് കേന്ദ്രമന്ത്രിയായ സുരേഷ്ഗോപി പറഞ്ഞത്. ‘‘ഒരപേക്ഷയുണ്ട്. അമ്മ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വർഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അതവന്മാരുടെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്...’’ എന്നാണ് സുരേഷ്ഗോപി തുറന്നടിച്ചു.
അടുത്തിടെ നടന്ന ഡബ്ല്യുഎല്‍എഫ് വേദിയില്‍ പാർവതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. ‘‘എപ്പോഴും ആ തിരുത്തല്‍ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല.ഓരോ തവണയും അസോസിയേഷനില്‍ പോയി പ്രശ്നങ്ങള്‍ ഉന്നയിക്കുമ്ബോള്‍ അത് വിട് പാർവതി, നമ്മള് ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തില്‍ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോള്‍ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് ഞാന്‍ ചെയ്തത്...’’ പാർവതി പറഞ്ഞു. നേരത്തെ അമ്മയില്‍ നിന്ന് രാജി വെച്ചതാണ് പാർവതി.
ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസംഗമ വേദിയില്‍ സുരേഷ് ഗോപി സംസാരിച്ചത്. ഈ സംഘടനയെന്നും സുരേഷ് ഗോപി തുറന്നടിച്ചത്.
നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത സംഘം വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ താന്‍ കാണുന്നുള്ളൂവെന്നും ആ സംഘം തിരികെയെത്തി സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണമെന്നും ഇത് അപേക്ഷയല്ല ആജ്ഞയാണെന്നും സുരേഷ്ഗോപി പറഞ്ഞു..
‘‘ 1994-ൽ അമ്മ എന്ന സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ അടുക്കും ചിട്ടയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മധു സാർ നയിക്കുന്ന അമ്മയായിട്ടാണ് തുടങ്ങുന്നത്. ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മ ആയാണ് തുടർന്നിങ്ങോട്ട് വന്നിട്ടുള്ളത്. 94 മുതലുള്ള പ്രവർത്തനത്തിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നാട്ടാൻ കഴിഞ്ഞ ഒരു വെന്നിക്കൊടി ഉണ്ട്. അത് പാറിപ്പറക്കുന്നതിൽ പലർക്കും, എന്നു പറയുമ്പോൾ ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് ഒന്ന് മാറി നിന്നു എന്നേ ഉള്ളൂ. മാറി വ്യതിചലിച്ചിട്ടില്ല. സംഘടനയ്ക്കെതിരായിട്ട് ഒരക്ഷരം, വൈകാരികമായിപ്പോലും ഉരിയാടിയിട്ടില്ല. സംഘടനയുടെ അന്തസ്സ് തകരുന്ന തരത്തിൽ വിഷയങ്ങളൊക്കെ ഓരോ കാലത്തും ഉണ്ടായപ്പോഴും പിന്തുണനൽകുന്ന രീതിയിൽ പുറത്തുനിന്ന് വർത്തിച്ചിരുന്ന ഒരു അംഗമായിരുന്നു ഞാൻ. അതാണെന്റെ ഏറ്റവും വലിയ പെരുമയായിട്ട് ഞാൻ കരുതുന്നത്.
എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന്റെ കാരണം മോഹൻലാൽ എന്തെങ്കിലും വാഗ്ദാനം തരുമെന്ന് ഞാൻ മോഹിച്ചു പോയി. അത് അതിമോഹമാണ് മോനെ എന്ന സിനിമ ഡയലോഗിൽ ഒതുക്കിക്കളയരുത്. ആറുമാസം മുമ്പ് ഹൃദയം കൊണ്ട് വോട്ടു ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറുംവാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കാണുന്നുള്ളൂ. ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ, ഒരു പക്ഷെ ഒരു ലോകത്തെ പുതുതായി നമ്മുടെ വീഴ്ചയിൽ നമുക്ക് പരിചയപ്പെടുത്തിത്തന്നെങ്കിൽ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് ഇവിടെ വന്ന് ഈ സംഘത്തെ നയിക്കണം. ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയില്‍ നിന്ന് തിരിച്ച് വന്ന മറുപടി നല്‍കണം. ഇത് ഒരു അപേക്ഷയല്ല, ആജ്ഞയായിത്തന്നെ എടുക്കണം. എല്ലാവർക്കും വേണ്ടിയാണ് പറയുന്നത്.
കേരളപ്പിറവി ദിനത്തിൽ ഞാൻ പ്രസംഗിച്ചത് തന്നെ; ഇവിടെ നിന്ന് ഞങ്ങൾ ഇറങ്ങിപ്പോകുകയാണ്, ഇനി ആരെങ്കിലും നോക്കിക്കോ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയവന്മാരെ കുത്തിന് പിടിച്ച് ഇവിടെ കൊണ്ടുവന്ന് ഇരുത്തി ഇതിന്റെ ഭരണം തിരിച്ചേൽപ്പിക്കണമെന്നാണ്. അത് ആവർത്തിക്കുന്നില്ല. അതിനുള്ള രംഗം സജ്ജമായിരിക്കുന്നു...’’ സുരേഷ്ഗോപി പറഞ്ഞു.






