
മുളന്തുരുത്തി: ആള് താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില് മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. മുളന്തുരുത്തി എരുവേലി പാല സ്ക്വയറിന് സമീപം 25 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില് കവറിനുള്ളിലാക്കിയ നിലയിലായിരുന്നു.
അടച്ചിട്ട വീടിന് സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിരാധര്മ്മരാജന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. എറണാകുളത്തെ സൈക്കാട്രിസ്റ്റ് ഡോ.ഫിലിപ്പ് ജോണ്‍ മംഗലശേരിയുടെ തറവാട് വീടാണ്. 14 ഏക്കറോളം കാടുപിടിച്ചു കിടക്കുകയാണ്.
ഫിലിപ്പും കുടുംബവും എറണാകുളത്താണ് താമസം. നാട്ടുകാരനായ വ്യക്തിയെ ആണ് വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പുത്തന്‍കുരിശ് ഡിവൈ.എസ്.പി വി.ടി ഷാജന്, ചോറ്റാനിക്കര സി.ഐ കെ.എന്‍ മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി അനേ്വഷണം നടത്തി.
വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചതില്‍ വിശദമായ അനേ്വഷണം വേണമെന്ന് പോലീസ് പറഞ്ഞു. സ്ഥലം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തും. വീട്ടുടമയായ ഡോക്ടറെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നു പോലീസ് പറയുന്നു.






