
തിരുവന്തപുരം: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന് ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ഡി.സി.സി. അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന് എന്നിവര്‍ക്കെതിരേ കേസെടുക്കും. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും നീക്കം.
വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു പോലീസിന്റെ അതിവേഗനീക്കം. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തേത്തുടര്ന്ന് സി.പി.എം. നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിനു കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യാക്കേസിലും നിലനില്‍ക്കുന്നുവെന്നാണു പോലീസ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെതിരേ ഇൗ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി നീക്കം. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനിലേക്കും അനേ്വഷണം നീളും.
ആത്മഹത്യക്കു മുമ്പ് കുടുംബത്തിനും കെ.പി.സി.സി. അധ്യക്ഷനുമായി വിജയന് എഴുതിയ നാല് കത്തുകളാണു പുറത്തുവന്നത്. ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പുപറഞ്ഞുമാണ് ഒരു കത്ത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കെ.പി.സി.സി. അധ്യക്ഷനെഴുതിയ കത്തിലുണ്ട്. അരനൂറ്റാണ്ട് പാര്‍ട്ടിക്കു വേണ്ടി ജീവിതം തുലച്ചെന്നും മരണശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കത്തുകള്‍ പുറത്തുവിടണമെന്നും കുടുംബത്തിനുള്ള കത്തില്‍ പറയുന്നു. മകന് വിജിത്തിനെ അഭിസംബോധന ചെയ്ത് നാല് പേജ് കത്താണുള്ളത്. അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ എല്ലാ കത്തുകളും പരസ്യമാക്കണമെന്ന് അതില്‍ ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണു സുധാകരനുള്ള രണ്ട് കത്തുകളിലുള്ളത്. ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദേശിച്ചത് എം.എല്‍.എയാണെന്നും പ്രശ്നമായപ്പോള്‍ നേതൃത്വം കൈയൊഴിഞ്ഞെന്നും വിജയന് വെളിപ്പെടുത്തുന്നു. സാമ്പത്തികബാധ്യതകളെക്കുറിച്ച് സുധാകരനുള്ള കത്തില്‍ ബാലകൃഷ്ണനും അപ്പച്ചനും പണം വാങ്ങിയെന്ന പരാമര്‍ശമുണ്ട്. പിടിച്ചുനില്ക്കാന് കഴിയാത്ത സാഹചര്യമാണെന്നും ജീവനൊടുക്കേണ്ടിവരുമെന്നും പാര്‍ട്ടി നേതൃത്വത്തിനുള്ള കത്തില്‍ പറയുന്നു. അര്‍ബന്‍ ബാങ്ക് നിയമനത്തിന് വിജയന് മുഖേന ഒട്ടേറെപ്പേരില്‍നിന്നു പണം വാങ്ങിയെന്നും അതില്‍ ബാലകൃഷ്ണനു പങ്കുണ്ടെന്നുമാണ് ആരോപണം.






