
കോട്ടയം: ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് (എം) വന്നാല്‍ മുന്നണിയിലെടുക്കാമെന്നും എന്നാല്‍, പിന്നാലെ നടന്നു ക്ഷണിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസില്‍ പൊതുവികാരം. കേരള കോണ്‍ഗ്രസ് (എം) നിലപാട് പ്രഖ്യാപിച്ച ശേഷം ഇനി ഈ വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കേരള കോണ്‍ഗ്രസി(എം)നെ തിരികെ വിളിക്കാന്‍ യു.ഡി.എഫ്്. നേതാക്കള്‍ പിന്നാലെ വരുെന്നന്ന പ്രചാരണം ശക്തമായതോടെയാണ് കോണ്‍ഗ്രസ് ഈ സമീപനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
വനം നിയമഭേദഗതി വിഷയത്തിലടക്കം കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തിയിട്ടുള്ള അടിസ്ഥാന കാര്‍ഷിക വിഷയങ്ങള്‍ ഇടതു സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. ഈ അതൃപ്തി അധികകാലം കണ്ടില്ലെന്നു നടിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയില്ലെന്നും കേരള കോണ്‍ഗ്രസി(എം)നു തിരികെ യു.ഡി.എഫിലേക്കു വരേണ്ടി വരുമെന്നുമാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറായിരം വോട്ടില്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലങ്ങള്‍ 30 എണ്ണമാണ്. 24 മണ്ഡലങ്ങളില്‍ വിജയിച്ചതും ഇടതു സ്ഥാനാര്‍ഥികളാണ്. എന്നാല്‍ ഇതില്‍ കേരള കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള മണ്ഡലങ്ങള്‍ നാലെണ്ണം മാത്രമാണെന്നാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസി(എം)ന്റെ പിന്നാലെ നടന്നു കൂടെ കൂട്ടേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വലിയ മുന്നേറ്റമാണുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) വിജയിച്ച മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ നേട്ടമാണു കൈവരിച്ചത്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് (എം) ഇല്ലാതെ തന്നെ ബാങ്ക് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണെങ്കിലും പ്രവര്‍ത്തകര്‍ യു.ഡി.എഫിനൊപ്പം നിന്നതിനാലാണ് ബാങ്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചുണ്ടിക്കാട്ടുന്നത്.
ഇന്നലെ കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ യു.ഡി.എഫ്. പ്രവേശന വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ജോസ് കെ.മാണിയുടെ നിലപാട് അറിഞ്ഞശേഷം പ്രതികരിച്ചാല്‍ മതിയെന്ന നിലപാടാണ് പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷമാണ് ജോസഫ് വിഭാഗം ഈ നിലപാടില്‍ എത്തിച്ചേര്‍ന്നത്.






