
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ പ്രമുഖ സ്വര്‍ണവ്യാപാരി ബോബി ചെമ്മണൂരിനെതിരേ പോലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെയുള്ള അശ്ലീലഭാഷണത്തിനു ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്) വകുപ്പ് 75(4) പ്രകാരവും ഐ.ടി. നിയമം വകുപ്പ് 67 പ്രകാരവുമാണു കേസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണു നടി പരാതി നല്‍കിയത്.
ബോബി ചെമ്മണൂരിനെ അഭിസംബോധന ചെയ്തുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണു പരാതിക്കാര്യം വെളിപ്പെടുത്തിയത്. ''താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെതന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേ പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'' എന്നാണ് ഹണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരേ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീന്‍ഷോട്ടും നടി പോലീസിനു കൈമാറി.
അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ജൂവലറി ഉദ്ഘാടനത്തിനിടെ ഉടമ നടത്തിയ ദ്വയാര്ഥപ്രയോഗങ്ങള്ക്കും കമന്റുകള്ക്കുമെതിരേ നടി പരാതി നല്‍കിയിട്ടില്ലെന്നു കമ്മിഷണര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. അതിനെതിരേയാണ് സൈബര്‍ അധിക്ഷേപം പരിധിവിട്ടത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കു താഴെ കമന്റിട്ടവരുടെ വിശദാംശങ്ങളും ഹണി റോസ് പരാതിക്കൊപ്പം കൈമാറി. കമന്റിട്ടവരില്‍ വ്യാജ ഐ.ഡിയുള്ളവരെ കണ്ടെത്താന്‍ പോലീസ് ഫെയ്സ്ബുക്കിനോടു വിവരങ്ങള്‍ തേടി.
പൊതുവേദികളില്‍ മനഃപൂര്‍വം പിന്തുടര്ന്ന് ദ്വയാര്‍ഥപ്രയോഗങ്ങളിലൂടെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നു ഹണി റോസ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാല്‍, പേര് വെളിപ്പെടുത്തിയിരുന്നില്ല. അത് ബോബി ചെമ്മണൂരാണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നിരുന്നു. തന്റെ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരേ ഹണി പോലീസില്‍ പരാതിപ്പെട്ടു. നിലവിലുള്ള 30 കേസിനു പുറമേ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം ഉടന്‍ കേസെടുക്കാനാണു പോലീസ് തീരുമാനം.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ കുമ്പളം സ്വദേശിക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു പോലീസ് വ്യക്തമാക്കി.






