
കല്‍പ്പറ്റ: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി എഴുതിയ കത്ത് പുറത്തുവന്നതിന് പിന്നലെ കെ.പി.സി.സി. നേതൃത്വത്തിനെതിരേ വിജയന്റെ കുടുംബം. ഒരു ഡി.സി.സി. ട്രഷറര്‍ മരിച്ചിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് പോലും തങ്ങളെ വിളിക്കുകയോ ആശ്വാസവാക്ക് പറയുകയോ ചെയ്തിട്ടില്ലെന്നു എന്‍.എം. വിജയന്റെ മകന് വിജേഷ് പറഞ്ഞു. പുറത്തു മറ്റു വലിയ പ്രശ്നങ്ങള്‍ നടക്കുമ്പോഴും കുടുംബപ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു പാര്‍ട്ടിയുടെ നീക്കം. അച്ഛനെ ബലിയാടാക്കിയതാണെന്നും ആ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മകന് വിജേഷ് പറഞ്ഞു.
കത്ത് ആദ്യം നാലുപേര്‍ക്ക് അയയ്ക്കണമെന്നും അവരില്‍ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കില്‍ മാത്രം പോലീസിനു നല്‍കണമെന്നുമാണ് അച്ഛന് പറഞ്ഞിരുന്നതെന്ന് മരുമകളായ പത്മജ പറഞ്ഞു. ' നേരിട്ട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അവസാനമായി പറഞ്ഞത് പേടിക്കേണ്ടെന്നും അച്ഛന് പറയുന്നത് പോലെ മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നുമാണ്. കത്ത് കാണുമ്പോഴാണ് മറ്റ് വിവരങ്ങള്‍ അറിയുന്നത്. മരിച്ചിട്ട് സഞ്ചയനത്തിന്റെ അന്നു വരെ ആരും വന്നിട്ടുണ്ടായില്ല. പാര്ട്ടിക്കാര് തന്നെ അച്ഛന് എന്തെങ്കിലും എഴുതിവച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു.
ദഹിപ്പിക്കേണ്ടെന്നും സംസ്കരിച്ചാല്‍ മതിയെന്നും അച്ഛന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ പാര്ട്ടിക്കാര് കുടുംബയോഗം വിളിച്ച് ഞങ്ങള്‍ക്കെതിരേ തിരിയുന്ന സ്ഥിതിയുണ്ടാക്കി. എല്ലാം അറിഞ്ഞിട്ടും സഹായിക്കാന്‍ പാര്‍ട്ടി തയാറായിട്ടില്ല. അതുകൊണ്ടാണ് ഇന്ന് പാര്‍ട്ടിക്കെതിരേ ഞങ്ങള്‍ക്ക് തിരിയേണ്ടി വന്നത്.'- പത്മജ പറഞ്ഞു.
മരണക്കുറിപ്പ് എന്ന നിലയിലാണ് എന്‍.എം. വിജയന് കത്ത് എഴുതിയിട്ടുള്ളത്. കെ.പി.സി.സി. പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എം.എല്‍.എ: ഐ.സി. ബാലകൃഷ്ണന്റെയും വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയും പേരുകള്‍ കത്തിലുണ്ട്. അതിനിടെ എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ മകന് വിജേഷും കുടുംബവും ഇന്നലെ വിജിലന്‍സിന് മൊഴി നല്കി. വയനാട് മീനങ്ങാടി വിജിലന്‍സ് ഓഫീസിലെത്തിയാണ് മൊഴികള്‍ നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി. അന്വേഷണ കമ്മിഷന് ഇന്ന് വയനാട്ടിലെത്തി എന്‍.എം. വിജയന്റെയും കുടുംബത്തിന്റെയും പരാതികള്‍ വിശദമായി ചോദിച്ചറിയും.
സത്യാവസ്ഥ പുറത്തുവന്നശേഷം പ്രതികരിക്കാമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം. 'രണ്ടു ദിവസം മുന്‍പാണ് കുടുംബാംഗങ്ങള്‍ തനിക്ക് കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരോട് തന്നെ വിശദമായി ചോദിച്ചറിഞ്ഞു. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പറവൂരിലെ ഓഫീസില്‍ വന്നാണ് കത്ത് നല്‍കിയത്. എന്നാല്‍, കത്തുകിട്ടിയില്ലെന്നു ഞാന്‍ പറഞ്ഞെന്നു പറഞ്ഞ് കുടുംബാംഗങ്ങളെ പ്രകോപിപ്പിക്കാനാണു ശ്രമിച്ചത്. ഇതാണോ മാധ്യമ പ്രവര്‍ത്തനം? പാര്‍ട്ടിയിലെ എല്ലാവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് അവരോട് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ കത്ത് പുറത്തു വന്നു. കെ.പി.സി.സി. അധ്യക്ഷന്‍ തന്നെ അതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയ ചുമതലപ്പെടുത്തി. ആ കമ്മിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ബാലിശമാണ്.
കത്തുമായി എത്തിയപ്പോള്‍ അവരോട് മോശമായി പെരുമാറിയിട്ടില്ല. വ്യക്തതയില്ലെന്ന് താന്‍ പറഞ്ഞതായി അവര്‍ പറഞ്ഞത് ശരിയാണ്. കത്തിലെ ചില ഭാഗങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല. അതേക്കുറിച്ച് വ്യക്തത വരുത്തി. കത്ത് നല്‍കിയിട്ട് പത്ത് ദിവസം കാത്തിരിക്കുമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്. രണ്ട് ദിവസം മുന്‍പ് അവര്‍ തന്നെ കത്ത് പുറത്തുവിട്ടു. കെ.പി.സി.സി. പ്രസിഡന്റുമായും നേതാക്കളുമായും ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ.'-വി.ഡി. സതീശന് പറഞ്ഞു.






