
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിന് ശേഷം ജേതാവായതിന്റെ ആഹ്ളാദ നിറവില്‍ തൃശൂര്‍ ജില്ലയിലുടനീളം സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്കിയ പകല്‍ പിന്നിട്ടപ്പോഴാണ് ഭാവഗായകന് പി. ജയചന്ദ്രന്റെ അന്ത്യം. സ്കൂള്‍ കലോത്സവങ്ങളിലൂടെ സംഗീത നഭസില്‍ പൊന്‍ നക്ഷത്രമായി ഉദിച്ചുയര്‍ന്ന സര്‍ഗപ്രതിഭയാണ് ജയചന്ദ്രന്.
1958-ല്‍ നടന്ന ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളിലായി മാറ്റുരച്ച് സമ്മാനം നേടിയ രണ്ടുപേരാണ് പിന്നീട് മലയാള സംഗീതലോകത്തിന്റെ വിധി നിര്‍ണയിച്ചത്. പാട്ടില്‍ നിറഞ്ഞ് കൊച്ചി പള്ളുരുത്തി ഹൈസ്കൂളിലെ കെ.ജെ. യേശുദാസും മൃദംഗത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലെ ജയചന്ദ്രനും. ആദ്യം സിനിമാഗാന ലോകത്തേക്ക് കടന്നെത്തിയത് യേശുദാസായിരുന്നെങ്കിലും തൊട്ടുപിന്നാലെയെത്തി തൊട്ടതെല്ലാം പൊന്നാക്കി ജയചന്ദ്രനും ആരാധകമനസില്‍ ചിരപ്രതിഷ്ഠനായി. ഓരോ കലോത്സവ കാലത്തുമെന്നപോലെ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തീരശീല വീണ കലോത്സവ വേദിയിലും സദസിലും ഇക്കാര്യവും ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയാണ് ജയചന്ദ്രന്റെ മരണം.
സംഗീതലോകത്തെ കിടമത്സരവും ഈഗോയും ജയചന്ദ്രനെ പല ഘട്ടത്തിലും പിന്നാക്കം നിര്‍ത്തി. എങ്കിലും അതിശക്തമായ തിരിച്ചുവരവിലൂടെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനെപോലെ ജയചന്ദ്രന് മുന്നില്‍തന്നെ നടന്നുതുടങ്ങും. ഗായകരുടെ പാട്ടെടുത്ത് ഓരോ കാലഘട്ടവും നിര്ണയിക്കാറുണ്ടെങ്കിലും ജയചന്ദ്രന്റെ കാര്യത്തിലത് സാധ്യമല്ല. ആദ്യം പുറത്തുവന്ന കളിത്തോഴനിലെ ''മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി'' എന്ന എവര്‍ഗ്രീന്‍ ഗാനം പിന്നിട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പാടിയ ദേവരാഗത്തിലെ ''ശിശിരകാല മേഘമിഥുന''എന്ന ഗാനവും നിറത്തിലെ പ്രായം ''നമ്മില്‍ മോഹം നല്കി'' എന്ന ഗാനവും ചേര്‍ത്തുവച്ചാല്‍ സ്വരഘടനയിലെ കാലഘട്ടനിര്ണയംപോലും അസാധ്യമാകും. തിളക്കത്തിലെ നീയൊരു പുഴയായി ഒഴുകുമ്പോള്‍...'' എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ വിസ്മയത്തോടെയാണ് നെഞ്ചേറ്റിയത്. ജയചന്ദ്രന് എന്ന ഭാവഗായകനെ സംബന്ധിച്ചിടത്തോളം പ്രായം കേവലം ഡിജിറ്റല്‍ മാത്രമായിരുന്നു.
എത്രതന്നെ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും അത്രകണ്ട് കരുത്തോടെ കുതിച്ചുയര്ന്നുവന്ന ജയചന്ദ്രനെയാണ് സംഗീതലോകത്തിനും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയം. അര്‍ബുദ രോഗം പിടിമുറുക്കുമ്പോഴും കുടഞ്ഞെറിഞ്ഞ് ജയചന്ദ്രന് വീണ്ടും സംഗീത ലോകത്തേക്ക് കടന്നുവരുമെന്ന് അതുകൊണ്ടുതന്നെ അവരെല്ലാവരും പ്രതീക്ഷിച്ചു. തൃശൂരിലെ ആശുപത്രിയില്‍ പതിവു പരിശോധനകള്‍ക്കായി പോകുമ്പോഴും അടുത്ത പിറന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. അടുത്ത മാര്‍ച്ച് മൂന്നിനാണ് ജയചന്ദ്രന് എണ്‍പത്തിയൊന്നാം വയസിലേക്ക് കടക്കേണ്ടിയിരുന്നത്. രോഗത്തിന്റെ പിടിയില്‍ തളര്‍ന്ന ശരീരവുമായി കഴിയുമ്പോഴും ഒട്ടും പതറാത്ത ശബ്ദമാധുരിയില്‍ ഗുരുവായൂരപ്പനെ തൊഴുതുണര്ത്തി അടുത്തിടെ പാടിയ ഗാനവും ഹിറ്റായി മാറി. ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായ ജയചന്ദ്രന് വിടപറഞ്ഞതും സ്വര്‍ഗവാതില്‍ ഏകാദശിയുടെ തുടക്കരാവില് തന്നെയെന്നതും മറ്റൊരു നിയോഗമാകാം...!
ജനനം എറണാകുളത്തായിരുന്നെങ്കിലും ക്ഷേത്രകലകളുടെ നാടായ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറിയ കുട്ടിക്കാലമാണ് ജയചന്ദ്രനിലെ സംഗീത ഉപാസകനെ രൂപപ്പെടുത്തിയത്. അലസമായി പാടിയും പറഞ്ഞും ജീവിച്ച ജയചന്ദ്രന് ശുദ്ധസംഗീതത്തിന്റെ ലാളിത്യമാതൃകയായിരുന്നു. മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു. പി. സുശീലയുമായും ജാനകിയുമായും അടുത്ത ബന്ധം സൂക്ഷിച്ചു. എണ്ണത്തില്‍ കുറവാണെങ്കിലും വാണി ജയറാമുമായി ചേര്‍ന്നൊരുക്കിയ പാട്ടുകളെല്ലാം ഹിറ്റായി. ഉദിച്ചുയര്‍ന്നപ്പോള്‍ തന്നെ പലരും തല്ലിക്കെടുത്താന്‍ നോക്കിയ പൊന്പ്രഭയായിരുന്നു ജയചന്ദ്രന്. ആരുടെ മുന്നിലും തലയുയര്‍ത്തിനില്‍ക്കാനുള്ള തന്റേടവും വിട്ടുവീഴ്ചയില്ലാത്ത നിലപാടും ജയചന്ദ്രനെ വ്യത്യസ്തനാക്കി. പല ലോബികള്‍ക്കും ഇതുകൊണ്ട് തന്നെ ജയചന്ദ്രന് കണ്ണിലെ കരടായി. പല ഘട്ടത്തിലും ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചിട്ടും തൊണ്ണൂറുകളില്‍ ജയചന്ദ്രന് നടത്തിയ വന്‍ തിരിച്ചുവരവ് ഇന്നും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള പാട്ടുത്സവം തന്നെയാണ്.
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ, സ്മൃതി തന് ചിറകിലേറി ഞാനെന്‍... തുടങ്ങിയ ലളിയഗാനങ്ങളും പാട്ടുലോകം നെഞ്ചേറ്റിയവയാണ്. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്നു തുടങ്ങുന്ന ആല്ബഗാനം പുതുതലമുറ ചുണ്ടില്‍ മൂളി നടക്കുന്നതുമാണ്. ജയചന്ദ്രന് പാട്ടൊന്നു പാടാന്‍ തയാറായാല്‍ ഏതു വേണമെന്നാണ് ചോദ്യമെങ്കില്‍ മലയാളി ആദ്യം പറയുന്നത്, മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി എന്നു തന്നെയാകും. രാജീവ നയനേ നീയുറങ്ങൂ, അഷ്ടപദിയിലെ നായികേ, നീലഗിരിയുടെ സഖികളേ, റംസാനിലെ ചന്ദ്രികയോ, ഹര്‍ഷബാഷ്പം ചൂടി, യദുകുല രതിദേവനെവിടേ, ഉപാസന ഉപാസന, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, ശരബിന്ദു മലര്‍ദീപനാളം, ഏകാന്ത പഥികന്, മധുചന്ദ്രികയുടെ ചായത്തളികയില്‍, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്പൂവേ, കേരനിരകളാടും ഒരു ഹരിത ചാരു തീരം, ആരാരും കാണാതെ ആരോമല്‍ തൈമുല്ല, നുണക്കുഴി കവിളില്‍ നഖചിത്രമെഴുതും.... ഇനിയും നീളും ജയചന്ദ്രന്റെ ഹിറ്റുഗാനങ്ങളുടെ പട്ടിക.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നേടിയ ജയചന്ദ്രന് അവിടെ നടത്തിയ ഗാനമേളയിലെ പാട്ടിലൂടെയാണ് ചലചിത്രഗാന രംഗത്തേക്ക് കുടിയേറിയത്. തന്റെ ഇടം കണ്ടെത്തിയെന്ന് ബോധ്യമായതോടെ ജോലി ഉപേക്ഷിച്ച് സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായി. രാസാത്തി അടക്കമുള്ള ഒട്ടേറെ ഗാനങ്ങളിലൂടെ തമിഴ്കത്തിന്റെ സ്നേഹാദരങ്ങളും ജയചന്ദ്രന് ആവോളം ഏറ്റുവാങ്ങി. തന്റെ ഗാനം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങുന്ന വേളയില്‍ മരണം വരിക്കണമെന്ന് ആഗ്രഹിച്ച് അത് സാധ്യമാക്കിയ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനെക്കുറിച്ച് ജയചന്ദ്രന് കണ്ഠമിടറി പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്രമേല്‍ മോക്ഷദായകമായ സ്വരമാണ് ഇന്നലെ പൊലിഞ്ഞത്.
സ്നേഹിക്കുന്നവര്‍ക്ക് ഹൃദയം പകുത്തുനല്‍കാനുള്ള മനസിനൊപ്പംതന്നെയാണ് എതിര്‍ക്കണമെന്ന് തോന്നുന്നിടങ്ങളിലെല്ലാം അതിനൊട്ടും മടിക്കാത്ത നിശ്ചയദാര്‍ഢ്യവും ജയചന്ദ്രന് പ്രദര്‍ശിപ്പിച്ചത്. വിചിത്രമെന്നു തോന്നാവുന്ന സ്വഭാവത്തിനുടമകൂടിയായിരുന്നു ജയചന്ദ്രന്. ഇടയ്ട്ട് മസിലുപെരുപ്പിച്ച് ടീ ഷര്‍ട്ട് ധരിച്ച് മോഡലായി ഫോട്ടോയ്ക്കു പോസും ചെയ്ത് ജയചന്ദ്രന് ആരാധകരെ വിസ്മയിപ്പിട്ടുണ്ട്. ലാളിത്യം നിറഞ്ഞ സ്വരമാധുരിയിലൂടെ പാട്ടുപാടി ആരാധക ഹൃദയം കവര്‍ന്ന ജയചന്ദ്രന്, മഞ്ഞലയില്‍ മുങ്ങിതോര്ത്തിയ ധനുമാസ ചന്ദ്രികയെ സാക്ഷി നിര്‍ത്തിയാണ് കാലയവനികയ്ക്കു പിന്നില്‍ മറയുന്നതും.
പി.ജയചന്ദ്രനും കോട്ടയം ജില്ലയിലെ കൂട്ടിക്കലും തമ്മില്‍ ഒരു ബന്ധമുണ്ട്. ജയചന്ദ്രന് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയ ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്. കളിത്തോഴന്‍ എന്ന സിനിമയിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്നതായിരുന്നു ജയചന്ദ്രന്റെ ആദ്യഗാനം. പി. ഭാസ്കരന് രചിച്ച് ജി.ദേവരാജന്‍ സംഗീതം പകര്‍ന്നതാണ് ഗാനം. പ്രേം നസീറായിരുന്നു രംഗത്ത് അഭിനയിച്ചത്. ധാരാളം സിനിമകള്‍ ചിത്രീകരിച്ച കൂട്ടിക്കല്‍ പൊട്ടംകുളം ഇട്ടിരാച്ചന്റെ ബംഗ്ളാവിലും പരിസരത്തുമായിരുന്നു പാട്ടിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആ ഗാന ചിത്രീകരണം നേരില്‍ കണ്ട പലരും അതേക്കുറിച്ച് വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഓര്‍മകള്‍ പങ്കുവച്ചു.






