
മലപ്പുറം: തനിക്കെതിരേ നടത്തിയ ആക്ഷേപത്തില്‍ വിവാദനായകന്‍ പി.വി. അന്‍വറിന് സിപിഎം നേതാവ് പി. ശശിയുടെ വക്കീല്‍ നോട്ടീസ്. വി.ഡി. സതീശനെതിരേ അഴിമതിയാരോപണം നടത്താന്‍ പ്രേരിപ്പിച്ചെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇന്നലെ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം യുഡിഎഫിനോട് മാപ്പ് ചോദിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരേ ആക്ഷേപം ഉന്നയിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് പി. ശശി ആണെന്ന ആക്ഷേപം പി.വി.അന്‍വര്‍ നടത്തിയിരുന്നു.
ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അൻവര്‍ പറയുന്നതെല്ലാം പച്ചക്കള്ള മാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ പി.ശശിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി നല്കാന് പി.വി. അന്‍വര്‍ തയ്യാറായി കാത്തുനില്ക്കട്ടെ യെന്നും ഇടതുമുന്നണി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തെരഞ്ഞെടുപ്പി ല്‍ മത്സരിക്കാന്‍ സ്വതന്ത്രനെ വേണോ പാര് മണ്ഡലത്തില്‍ സ്വതന്ത്രന് വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും പറഞ്ഞു. ഇന്നലെയായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്.
തന്റെ രാജിക്ക് പിന്നാലെ നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് താന്‍ നിരുപാധിക പിന്തുണ നല്‍കുന്നതായും പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വി.എസ്. ജോയിയെ പരിഗണിക്കണമെന്നും അദ്ദേഹത്തിന് മലയോര ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ള നേതാവാണെന്നും തെരഞ്ഞെടുപ്പ് പിണറായിസത്തിന് നേരെയുള്ള ആദ്യ ആണിയായി മാറുമെന്നും അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും പി.വി. അന്‍വര്‍ മാപ്പു പറഞ്ഞിരുന്നു.






