
ഓസ്ട്രേലിയയില്‍ വന്‍ പരാജയമായി പോയ ഇന്ത്യന്‍ നായകന് രോഹിത്ശര്‍മ്മ ടെസ്റ്റ് കരിയര്‍ നീട്ടിയെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്നു. മുംബൈയുടെ രഞ്ജി ട്രോഫി ടീമിനൊപ്പം ചുവന്ന പന്തില്‍ പരിശീലിക്കുകയാണ് താരം.
മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നെറ്റ്സ് സെഷനില്‍ പങ്കാളികളായി. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്ന മുംബൈ ടീമിന്റെ ഭാഗമാണ് രോഹിത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യ 1-3ന് തോറ്റ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് മടങ്ങിയതിന് ശേഷം പരിശീലന സെഷനുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് രോഹിത് അധികനേരം കാത്തിരുന്നില്ല.
ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കാന്‍ രോഹിത് എംസിഎ-ബികെഎസ് ഗ്രൗണ്ടില്‍ പരിശീലനം പുനരാരംഭിച്ചു. രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടില്‍ മുംബൈ ജമ്മു കശ്മീരിനെ നേരിടാനൊരുങ്ങുകയാണ്. അതേസമയം രഞ്ജി ടീമിലെ സെലക്ഷനുള്ള തന്റെ ലഭ്യതയെക്കുറിച്ച് രോഹിത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 'അദ്ദേഹം മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലന സെഷനുകള്‍ക്കായി വരും, ജമ്മു കശ്മീര്ക്കെതിരായ അടുത്ത രഞ്ജി ട്രോഫി മത്സരം കളിക്കുമോ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല.
2015ല്‍ ഉത്തര്‍പ്രദേശിനെതിരെയാണ് രഞ്ജി ട്രോഫിയില്‍ രോഹിത് അവസാനമായി കളിച്ചത്. എന്നാല്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ റണ്‍സ് സ്കോറുചെയ്യാന് പാടുപെട്ടതോടെ ആഭ്യന്തര മത്സരങ്ങള്‍ കുടി കളിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്. ഓസ്ട്രേലിയയില്‍, നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 3,9, 10, 3, 6 സ്കോര്‍ മാത്രമാണ് രോഹിത് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 10.93 മാത്രമായിരുന്നു. അതേസമയം റെഡ്-ബോള്‍ ക്രിക്കറ്റില്‍ പ്രതിബദ്ധതയുള്ളവര്‍ രഞ്ജി ട്രോഫി കളിക്കുന്നത് കാണാനുള്ള തന്റെ ആഗ്രഹം ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പരസ്യമായി പ്രകടിപ്പിച്ചു.
'എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അത്രമാത്രം പ്രാധാന്യം ആഭ്യന്തര ക്രിക്കറ്റിന് നല്‍കേണ്ടതുണ്ടെന്നും ഒരു കളി മാത്രമല്ല, അവര്‍ കഴിയുന്നെങ്കില്‍ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും ഗംഭീര്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയില്ലെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കളിക്കാരെ ഒരിക്കലും കിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ട് ജനുവരി 23-ന് ആരംഭിക്കും. രോഹിത് ഒഴികെയുള്ള വിരാട് കോഹ്ലിയും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ തന്റെ ഫോം മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ കോഹ്ലിയും റണ്‍സെടുക്കാന്‍ പാടുപെട്ടു. 2012ലാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.






