
വത്തിക്കാന്‍ സിറ്റി: 'ചുമതല കൈമാറിയതിനു പിന്നാലെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ എനിക്ക് ഒരു വെളുത്ത പെട്ടി സമ്മാനിച്ചു. ഇപ്പോള്‍ നിങ്ങളുടെ ഉൗഴമാണെന്നു പറഞ്ഞായിരുന്നു ആ കൈമാറ്റം. ആ പെട്ടിക്കൊപ്പം വേദനകളുമാണ് അദ്ദേഹം കൈമാറിയത്'- ഫ്രാന്‍സിസ് മാര്‍പാപ്പ ആത്മകഥയില്‍ കുറിച്ച വാക്കുകളാണിത്. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്.
'ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളുമായി' ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകളാണ് ആ വെളുത്തപെട്ടിയില് ഉണ്ടായിരുന്നത്. 'ഞാന്‍ ഇത്രയും ദൂരം എത്തി, ഇൗ നടപടികള്‍ സ്വീകരിച്ചു... ഇൗ ആളുകളെ നീക്കം ചെയ്തു, ഇപ്പോള്‍ നിങ്ങളുടെ ഉൗഴമാണ്...'- ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ പെട്ടി കൈമാറിയപ്പോള്‍ പറഞ്ഞു.
'ചില പുരോഹിതര്‍ ചെയ്ത എല്ലാ തിന്മകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എന്നെ വിളിക്കുകയാണെന്ന് എനിക്ക് തോന്നി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിലൂടെ ആ വൈദികര്‍ വരുത്തിയ ഭയാനകമായ നാശനഷ്ടങ്ങള്‍ക്ക് ലജ്ജയോടെയും പശ്ചാത്താപത്തോടെയും സഭ മാപ്പ് തേടണം'- ഫ്രാന്‍സിസ് മാര്‍പാപ്പ പുസ്തകത്തില്‍ പറയുന്നു. തന്റെ 300 പേജിലധികം വരുന്ന ആത്മകഥയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവും സഹോദരനുമായാണു വിശേഷിപ്പിക്കുന്നത്.
'വിപരീത കഥ പറയാന്‍ ദൃഢനിശ്ചയമുള്ളവര്‍ കെട്ടിച്ചമച്ച കുറച്ച് കഥകള്‍ കണക്കിലെടുക്കരുത്. ഞങ്ങളുടെ ബന്ധം എല്ലായ്പ്പോഴും സത്യസന്ധവും ആഴത്തിലുള്ളതുമായിരുന്നു'- ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരിയിലാണു ബെനഡിക്ട് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞത്. അദ്ദേഹം 2022 ല്‍ കാലം ചെയ്തു. തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും. വിരമിക്കാന്‍ പദ്ധതിയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആത്മകഥയില്‍ കുറിച്ചു. 'എനിക്ക് സുഖമാണ്.' ലളിതമായി പറഞ്ഞാല്‍ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാര്‍ഥ്യം'.
ജലദോഷത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു പ്രസംഗം തന്റെ സഹായിയോട് വായിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയരുകയും ചെയ്തു. മുട്ടുവേദനയും നടുവേദനയും അലട്ടുന്നതിനാല്‍ അടുത്തിടെയായി മാര്‍പാപ്പ ചക്രക്കസേര ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സഭയെ നയിക്കുന്നത് തലയും ഹൃദയവും ഉപയോഗിച്ചാണെന്നും കാലുകള്‍ കൊണ്ടല്ലെന്നും മാര്‍പാപ്പ പറയുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം 88-ാം പിറന്നാള്‍ ആഘോഷിച്ചത്.
1936 ല്‍ ബ്യൂണസ് അയേഴ്സില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ്. അധികാരമേറ്റതുമുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുത്തല്‍ നടപടി തുടങ്ങി. 2021 ല്‍ ക്രിമിനല്‍ സ്വഭാവമുള്ളതായി സംശയിക്കുവരെല്ലാം വിചാരണ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കുകയും വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 45 ഡോളറിലധികം വിലമതിക്കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്ന് വിലക്ക് കൊണ്ടുവരികയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ 90 ഓളം വ്യത്യസ്ത പുസ്തകങ്ങള്‍ എഴുതുകയും സഹ-രചയിതാവാകുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഹോപ്പ്: ദ് ഓട്ടോബയോഗ്രഫി 'അദ്ദേഹത്തിന്റെ കാലശേഷമാണു പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു.






