
മൂവാറ്റുപുഴ: മില്‍മ എറണാകുളം മേഖല യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ വൈകിയതിനു പിന്നാലെ ഡി.സി.സി. പ്രസിഡന്റുമാര്‍ക്ക് കത്ത് എഴുതി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. 20 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക പട്ടിക വൈകിയതോടെ കോണ്‍ഗ്രസില്‍ നിന്ന് മാത്രം അറുപതോളം പേര് നാമ നിര്‍ദേശ പത്രിക സമര്‍പിച്ചിട്ടുണ്ട്.
പത്രിക പിന്‍വലിക്കാനുളള തീയതി അവസാനിച്ച സാഹചര്യത്തിലാണ് കെ.പി.സി.സി. അംഗീകരിച്ച സ്ഥാനാര്‍ഥികളെ സംബന്ധിച്ചു താഴെ തട്ടിലുളള ക്ഷീര സഹകാരികളെ അറിയിക്കണമെന്ന് ആവശ്യപെട്ട് മേഖല യൂണിയന് പരിധിയില്‍ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്മാര്ക്കും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കനും മില്‍മ മേഖല പ്രസിഡന്റ് എം.ടി. ജയനും സഹകരണ ജനാധിപത്യ വേദി സംസ്ഥാന പ്രസിഡന്റ് കരകുളം കൃഷ്ണപിളളക്കും കത്തയച്ചത്.
11ന് ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തിയതി. എന്നാല്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കെ.പി.സി.സി. ക്ക് സമയ ബന്ധിതമായി തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ നീണ്ടുപോയതോടെ ഇൗ നാലു ജില്ലകളില്‍ നിന്നുളള നിരവധി പേര് പത്രിക സമര്‍പ്പിക്കുക ആയിരുന്നു. എല്‍.ഡി.എഫ്. നുപുറമെ കോണ്‍ഗ്രസില്‍ നിന്ന് കൂടി കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ബാലറ്റില്‍ കടന്ന് കൂടുന്നതോടെ വോട്ടര്‍മാരായ ക്ഷീര സഹകാരികള്‍ക്ക് ഉണ്ടാകാന്‍ ഇടയുളള ആശയ കുഴപ്പം ഒഴിവാക്കാനാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥികളുടെ പട്ടിക താഴെ തട്ടിലേക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ചിരിക്കുന്ന മില്‍മ എറണാകുളം മേഖല യൂണിയന് എങ്ങിനെയും പിടിച്ചെടുക്കാനുളള ശ്രമത്തിലാണ് ഇടത് മുന്നണി. തിരുവനന്തപുരം, മലബാര്‍ മേഖലകളുടെ ഭരണം ഇതിനകം കൈക്കലാക്കിയ എല്‍.ഡി.എഫ്. അടുത്ത ലക്ഷ്യം ഇടുന്നത് എറണാകുളമാണ്.
ഇൗ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഏതു സാഹചര്യത്തിലാണങ്കിലും ചിതറിപോയാല് അത് തിരിച്ചടി ആകുമെന്ന് നേതൃത്വം ഭയക്കുന്നു. മാത്രമല്ല എറണാകുളം മേഖലയില്‍ അടുത്തിടെ ഭരണ സമിതിയിലുണ്ടായ വിളളലും ഗൗരവമായാണ് നേതൃത്വം കാണുന്നത്. ഭരണം നഷ്ടമായാല്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തിരിച്ചടിയാകും. ഇൗ സാഹചര്യത്തിലാണ് ഡി.സി.സി. അധ്യക്ഷന്മാര്ക്ക് കത്ത് നല്‍കിയത്. ഇതോടൊപ്പം കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിനും ഒരു സീറ്റ് നീക്കിവച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ നിന്ന് സോണി ജോസഫ്, ജോജോ ജോസഫ്, ജെ. ജോയ്മോന്, ഇടുക്കി ജില്ലയില്‍ നിന്ന് ജോണ്‍ മാത്യു, പോള്‍സണ്‍ കുരുവിള, എറണാകുളം ജില്ലയില്‍ നിന്ന് മുന്‍ മേഖല പ്രസിഡന്റ് ജോണ്‍ തെരുവത്ത്, കെ.സി. മാര്ട്ടിന്, വത്സലന്‍ പിളള, പി.എസ്. നജീബ്, പുഷ്പ വിജയന്, തൃശൂര്‍ ജില്ലയില്‍ നിന്ന് എന്‍.ആര്. രാധാകൃഷ്ണന്, ടി.എന്‍. സത്യന്, ഷിജു വെളിയന്‍, താര ഉണ്ണികൃഷ്ണന് എന്നിവരാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.






