
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നപ്പോള്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹമെന്ന് സൂചന. കല്ലറ ഇന്ന് രാവിലെ സബ്കളക്ടറുടെ നേതൃത്വത്തില്‍ ഇവിടെയെത്തിയ ഉദ്യോഗസ്ഥ സംഘം തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ മൃതദേഹം കണ്ടെത്തി. രാവിലെ തന്നെ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും ഉള്‍പ്പെട്ട ടീം എത്തിയാണ് കല്ലറ തുറന്നത്. മൃതദേഹം ഉടന്‍ പുറത്തെടുക്കും.
നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശിയുടെ കല്ലറയ്ക്കുള്ളില്‍ ഭസ്മവും സുഗന്ധദ്രവ്യങ്ങളും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങളുമുണ്ട്. നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയില്‍ മൃതദേഹം. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹമാണ് ഇവിടെ എത്തിയിരിക്കുന്നത്. സ്ഥലം നീല ടാര്‍പാളിന്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും കല്ലറ തുറക്കാനായി ഉന്നതോദ്യോഗസ്ഥരുടെ സംഘം എത്തിയിരുന്നെങ്കിലും വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്നിരുന്നില്ല. കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് നേരത്തേ കുടുംബത്തിന് നല്‍കിയിരുന്നു. കുടുംബത്തിനു നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ കല്ലറ പൊളിക്കല്‍ നീക്കവും പോലീസ് നടത്തി.
സമാധി തുറക്കാനുള്ള പോലീസ് നീക്കത്തിനെതിരേ കുടുംബം കോടതിയില്‍ പോകുകയും ചെയ്തിരുന്നു. നിലവില്‍ ഗോപന് സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്കിയ പരാതിയഇല്‍ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തിട്ടുണ്ട്. അച്ഛന് സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗോപന് സ്വാമി അതീവ ഗുരുതാവസ്ഥയില് കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴിയുണ്ട്.






