
കാസർകോട്: മൊബൈൽ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചെന്നാരോപിച്ച് എസ്എഫ്ഐ ജില്ലാ ഭാരവാഹിക്കെതിരെ പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്.
ഏരിയാതല പ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ട നേതാവ് പിന്നീട് വിദ്യാർഥിനിയോട് മോശമായി സംസാരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെതിരെ വിദ്യാർഥിനി എതിർപ്പ് അറിയിച്ചെങ്കിലും അത് അവഗണിച്ച് ഫോണിലൂടെ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ നേരത്തേ സിപിഎം ഏരിയാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. തുടർന്ന് പരാതിയുമായി സിപിഎം ജില്ലാ നേതൃത്വത്തെ സമീപിക്കുകയായിരുന്നു.സംഭവത്തിൽ തുടർനടപടി ആവശ്യപ്പെട്ട് വിദ്യാർഥിനി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ നേതൃത്വം എസ്എഫ്ഐ സംസ്ഥാന നേതൃത്വവുമായി വിഷയം ചർച്ച ചെയ്തു. രണ്ടാഴ്ചയ്ക്കകം പാർട്ടി തലത്തിൽ നടപടി സ്വീകരിക്കാത്ത പക്ഷം പൊലീസിനെ സമീപിക്കുമെന്ന് വിദ്യാർഥിനി ജില്ലാ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.






