
മുംബൈ: ഉദ്ധവ് വിഭാഗത്തിന് പ്രാമുഖ്യം വരുന്ന ശിവസേനപാര്ട്ടിയെ പിളര്‍ത്താന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതം നല്‍കിയെന്ന് ആരോപണം. പാര്‍ട്ടി വീണ്ടും പിളരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉദ്ധവ് അനുഭാവിയായ സഞ്ജയ് റാവത്തിന്റേതാണ് വെളിപ്പെടുത്തല്‍. ശിവസേനയില്‍ 2022 ല്‍ ഉണ്ടായതിന് സമാനമായ രീതിയഇല് മറ്റൊരു പിളര്‍പ്പ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ഉയരുമ്പോഴാണ് ആരോപണം.
''മഹാരാഷ്ട്രയിലെ എംപിമാരെ വിലയ്ക്കെടുക്കാന്‍... ഇന്ന് രാത്രി ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതം അഡ്വാന്‍സ് നല്‍കുന്നുണ്ട്, ഈ വിവരം ഞെട്ടിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്!'' റാവത്ത് ചൊവ്വാഴ്ച എക്സില്‍ കുറിച്ചു. പക്ഷേ ഈ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ചില എംപിമാര്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തകളുമായി തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് ബന്ധമില്ലെന്നും റാവത്ത് നിഷേധിച്ചു.
ശിവസേന യുബിടി വിഭാഗത്തിലെ ആറ് എംപിമാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുമായി സമ്പര്‍ക്കത്തിലാണെന്നാണ് എന്‍ഡിടിവി പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീല്‍ അഷ്ടികര്‍, ഓംരാജെ നിംബാല്‍ക്കര്‍, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഈ എംപിമാര്‍. ഇതിന് പുറമെ രാജാഭൗ വാജെയും ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
വിമത യുബിടി സേന എംപിമാര്‍ ഇന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള കത്ത് സമര്‍പ്പിച്ചേക്കും. തുടര്‍ന്ന് ഇവര്‍ ഷിന്‍ഡെ വിഭാഗത്തില്‍ ലയിക്കാനാണ് സാധ്യത. ഇതിനെ പ്രതിരോധിക്കാനായി, ഉദ്ധവ് അനുഭാവിയായ എംപി അരവിന്ദ് സാവന്തും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കത്ത് സമര്‍പ്പിക്കാന്‍ ലോക്സഭാ സ്പീക്കറുടെ സമയം തേടിയിട്ടുണ്ട്.
പ്രതിസന്ധിക്കിടെ ഉദ്ധവ് പക്ഷത്തെ പ്രമുഖരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, അനില്‍ ദേശായി എന്നിവര്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയാണ്. വിമത എംപിമാര്‍ ഡല്‍ഹിയില്‍ വെച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരങ്ങള്‍. ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഷിന്‍ഡെയും വിമത എംപിമാരും തമ്മില്‍ ഇന്ന് വീണ്ടും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.
2022-ന് സമാനമായ മറ്റൊരു പിളര്‍പ്പിനെയാണ് ഉദ്ധവ് താക്കറെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അന്ന് ഏകനാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തുകയും മറ്റൊരു വിഭാഗം രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വിഭാഗത്തിന് ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നവും ലഭിക്കുകയുണ്ടായി.
അടുത്തിടെ ഉദ്ധവ് താക്കറെ തന്റെ വസതിയായ 'മാതോശ്രീ'യില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 9 എംപിമാരില്‍ 5 പേര് പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. അരവിന്ദ് സാവന്ത്, അനില്‍ ദേശായി, സഞ്ജയ് ദിന പാട്ടീല്‍, രാജാഭൗ വാജെ എന്നിവര്‍ യോഗത്തിനെത്തിയപ്പോള്‍ സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ഓംരാജെ നിംബാല്‍ക്കര്‍, ഭാവുസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ എന്നിവര്‍ വിട്ടുനിന്നു. എന്നാല്‍ ഈ അഞ്ച് എംപിമാരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു എന്നാണ് പാര്‍ട്ടി പിന്നീട് വ്യക്തമാക്കിയത്. തൊട്ടുമുമ്പത്തെ ദിവസം ആദിത്യ താക്കറെയുടെ ജന്മദിനത്തില് ആശംസകള്‍ നേരാനും ഈ അഞ്ച് എംപിമാരും എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
'ത്രിപുരയിലെ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി സ്ഥാപക പ്രസിഡന്റ് ശിവ് കുണ്ഡുവിനെ പരിചയപ്പെടൂ. വിശ്വസിച്ചാലും ഇല്ലെങ്കിലും, 22 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ് ഔദ്യോഗികമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ 'ലയിച്ചത്'! മഹാരാഷ്ട്രയിലെ കൂറുമാറ്റക്കാര്‍ക്കും രക്ഷപ്പെടാന്‍ ഒരു 'കുണ്ഡുവിനെ' കണ്ടെത്തേണ്ടി വരുമെന്ന് തോന്നുന്നു!' ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച എംപിമാരെ മാറ്റാന്‍ 15 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്ന ആരോപണവുമായി റാവത്ത് രംഗത്തെത്തിയത്.






