
തിരുവനന്തപുരം: അഴിമതിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആവിഷ്കരിച്ച 'പ്രോജക്ട് സീറോ' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തില്‍ വന്‍ മിന്നല്‍ പരിശോധന. 'ഓപ്പറേഷന് ഭക്ഷ്യ സുരക്ഷ' എന്ന പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. നേരിട്ട് നല്കിയ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനവ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്താന്‍ പരിശോധന നടത്തിയത്.
സപ്ലൈക്കോ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലും സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ കടകളിലും വ്യാപക അഴിമതി നടക്കുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ ഈ പ്രോ-ആക്ടീവ് ഇടപെടല്‍. 14 എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലും 54 റേഷന്‍ കടകളിലുമായി ഒരേസമയം നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍ വേണമെന്ന വ്യാജേന വേഷം മാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അനധികൃതമായി റേഷന്‍ സാധനങ്ങള്‍ വിറ്റ നാല് ലൈസന്‍സികളെ കൈയോടെ പിടികൂടി.
ഇവരെ തുടര്‍നടപടികള്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. പരിശോധന നടത്തിയ 14 ഗോഡൗണുകളില്‍ 11 ഇടങ്ങളിലും, 54 റേഷന്‍ കടകളില്‍ 25 എണ്ണത്തിലും രേഖകളിലെ സ്റ്റോക്കും യഥാര്‍ത്ഥ സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. ഉദ്യോഗസ്ഥരുടെയും ലൈസന്‍സികളുടെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ ഇടനിലക്കാരുമായും കരാറുകാരുമായും വ്യക്തമായ വിശദീകരണമില്ലാത്ത 18,22,000/ രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. മിക്ക ഗോഡൗണുകളിലും വാതില്‍പ്പടി വിതരണ വാഹനങ്ങളിലെ ജി.പി.എസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും കരാര്‍ ലംഘിച്ച് മറ്റ് വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ പേരില്‍ വ്യാജമായി ബില്‍ ചെയ്ത ശേഷം ഭക്ഷ്യധാന്യങ്ങള്‍ കൂടിയ വിലയ്ക്ക് മറിച്ച് വില്‍ക്കുന്ന രീതിയും വ്യാപകമാണ്. പല ഉപഭോക്താക്കളും തങ്ങള്‍ ബില്‍ പ്രകാരമുള്ള സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സിനോട് ഫോണില്‍ സമ്മതിച്ചു.
ജില്ല തിരിഞ്ഞുള്ള പ്രധാന കണ്ടെത്തലുകള്‍:
തിരുവനന്തപുരം: നെട്ടറകോണത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ മറിച്ച് വിറ്റതിന് പ്രതിഫലമായി പോള്‍ട്രി ഫാം, ബേക്കറി ഉടമകളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയത് കണ്ടെത്തി. ബോണക്കാട് വേഷം മാറിയെത്തിയ വിജിലന്‍സിന് അരി വിറ്റ ലൈസന്‍സിയെ പിടികൂടുകയും അനധികൃതമായി സൂക്ഷിച്ച കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബോണക്കാട്, വെള്ളനാട് കടകളില്‍ വലിയ സ്റ്റോക്ക് കുറവുണ്ടായിരുന്നു.
കൊല്ലം: ഇരവിപുരത്തെ റേഷന്‍ കടയിലേക്ക് അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ കടത്തിയതിന് കരാറുകാരന് ലൈസന്‍സിക്ക് പലതവണയായി 2,97,000/ രൂപ ഗൂഗിള്‍ പേ വഴി അയച്ചതായി കണ്ടെത്തി. പുലിമുക്ക്, മഞ്ഞപ്പാറ, ഉദയന്ച്ചിറ റേഷന്‍ കടകളിലും കടയ്ക്കല്‍ ഗോഡൗണിലും സ്റ്റോക്കില്‍ വലിയ അന്തരമുണ്ട്.
പത്തനംതിട്ട: അത്തിക്കയത്ത് വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അരി വിറ്റ കടയുടമ പിടിയിലായി. അടൂര്‍ പറക്കോട് ഗോഡൗണിലും പഴകുളം, ഏനാത്ത്, അത്തിക്കയം കടകളിലും പോര്‍ട്ടലിലെ സ്റ്റോക്കും യഥാര്‍ത്ഥ സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ആലപ്പുഴ: കുട്ടനാട് ഗോഡൗണിന്റെ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജായ ജൂനിയര്‍ അസിസ്റ്റന്റ് രണ്ട് റേഷന്‍ കടയുടമകളില്‍ നിന്നായി 6,750/ രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയത് കണ്ടെത്തി. മുതുകുളം, മാരാരികുളം കടകളില്‍ വലിയ സ്റ്റോക്ക് ക്രമക്കേടുണ്ട്.
കോട്ടയം: കാഞ്ഞിരപ്പള്ളി ഗോഡൗണിലും കാഞ്ഞിരപ്പള്ളി, വേലൂര്‍ കടകളിലും സ്റ്റോക്ക് കുറവാണ്. വേലൂര്‍ കടയില്‍ ഉപഭോക്താവ് യഥാര്‍ത്ഥത്തില്‍ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയതായി വ്യാജ ബില്‍ നിര്‍മ്മിച്ച കൃത്രിമം കൈയോടെ പിടികൂടി.
ഇടുക്കി: വഴിത്തല, നെടിയശാല എന്നിവിടങ്ങളില്‍ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അരി വിറ്റ ലൈസന്‍സികള്‍ പിടിയിലായി. പീരുമേട്, വെങ്ങല്ലൂര്‍ കടകളിലും ഉടുമ്പന്‍ചോല ഗോഡൗണിലും വന്‍തോതില്‍ സ്റ്റോക്ക് കുറവുണ്ട്.
എറണാകുളം: കളമശേരിയിലെ റേഷന്‍ കടയില്‍ സ്റ്റോക്കില്‍ കുറവ് കണ്ടെത്തുകയും മണ്ണെണ്ണ മാത്രം വാങ്ങിയ ആളുടെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ കൂടി വാങ്ങിയതായി വ്യാജ ബില്ല് ചമച്ചതും കണ്ടെത്തി.
തൃശ്ശൂര്‍: കൊളങ്ങാട്ടുകര ഗോഡൗണിലെ രണ്ട് ജൂനിയര്‍ അസിസ്റ്റന്റുമാര്‍ കരാറുകാരനില്‍ നിന്ന് യഥാക്രമം 25,000/ രൂപയും 42,000/ രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. വരവൂരിലെ ലൈസന്‍സി ഹോട്ടലുടമയ്ക്ക് സാധനങ്ങള്‍ മറിച്ച് വിറ്റതിന് 23,900/ രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. കൊളങ്ങാട്ടുകര ഗോഡൗണില്‍ മാത്രം ഏഴായിരത്തിലധികം കിലോ അരിയുടെ കുറവുണ്ട്. മുറ്റിച്ചൂര്‍, വരവൂര്‍ കടകളിലും വലിയ ക്രമക്കേട് കണ്ടെത്തി.
പാലക്കാട്: മരുതൂര്‍ ഗോഡൗണിന്റെ ചുമതലയുള്ള സീനിയര്‍ അസിസ്റ്റന്റ് കഴിഞ്ഞ ഒന്നര വര്‍ഷമായി താല്‍ക്കാലിക ജീവനക്കാരനെ ഏജന്റാക്കി ഭാര്യയുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകള്‍ വഴി 12 ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തി. ഇതേ ഉദ്യോഗസ്ഥന് കൊപ്പത്തെ റേഷന്‍ കടയുടമയില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപയും വാങ്ങി. തേങ്കുറിശി, കല്ലിങ്കല്പാലം കടകളിലും വന്‍ ക്രമക്കേടുണ്ട്.
മലപ്പുറം: അമ്മിണിക്കാട്ടെ റേഷന്‍ കട ജീവനക്കാരന് പരിയാപുരം ഗോഡൗണിലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്ക് 25,500/ രൂപ ഗൂഗിള്‍ പേ വഴി അയച്ചതായി കണ്ടെത്തി. നിലമ്പൂര്‍ ഗോഡൗണിലും അമ്മിണിക്കാട്, വേങ്ങര കടകളിലും വലിയ സ്റ്റോക്ക് വ്യത്യാസമുണ്ട്.
വയനാട്: കാവുമന്ദം റേഷന്‍ കടയില്‍ മേശവിരിയുടെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ 21 റേഷന്‍ കാര്‍ഡുകള്‍ വിജിലന്‍സ് കണ്ടെടുത്തു. ഈ കടയിലും മാനന്തവാടി ഗോഡൗണിലും വലിയ സ്റ്റോക്ക് അന്തരമുണ്ട്.
കണ്ണൂര്‍ & കാസര്‍ഗോഡ്: ഇരിട്ടി പെരുവാമ്പ ഗോഡൗണില്‍ 11,960 കിലോ ആട്ടയുടെ കുറവും, 3500 കിലോ അരിയും 1500 കിലോ ഗോതമ്പും കൂടുതലായും കണ്ടെത്തി. മഞ്ചേശ്വരം ഗോഡൗണിലും ബോവിക്കാനം റേഷന്‍ കടയിലും വലിയ ക്രമക്കേടുകള്‍ പിടികൂടി. തുടര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, ക്രമക്കേടുകളില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍, ലൈസന്‍സികള്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 ലും, 8592900900 എന്ന നമ്പറിലും, വാട്സ്ആപ്പ് നമ്പറായ 9447789100 ലും അറിയിക്കാവുന്നതാണ്






