
പത്തനംതിട്ട: സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടേയും മുന്‍ മന്ത്രി പി രാജീവിന്റെയും വിമര്‍ശനത്തിന് പിന്നാലെ പത്തനംതിട്ട ഡി.വൈ.എഫ്.ഐയും മുന്‍മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനവുമായി എത്തി. 'വീട്ടില്‍പോയി ചോദിക്ക്' പരാമര്‍ശം ശരിയായ ശൈലിയല്ലെന്നാണ് വിമര്‍ശനം.
ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് പിണറായിയെ ഇക്കാരയത്തില്‍ കുറ്റപ്പെടുത്തിയത്. വീട്ടില്‍ പോയി ചോദിക്ക് പരാമര്‍ശം തിരിച്ചടിയായെന്നും ഇത് ശരിയായ ശൈലിയല്ലെന്നും പറഞ്ഞു. പിണറായിയെ വിമര്‍ശിച്ചതുകൊണ്ട് ഡിവൈഎഫ്ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്തെന്ന് പറയരുതെന്നും പ്രതിനിധി സമ്മേളനത്തില്‍ പ്രതികരിച്ചു.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പ്രതികരണം. നേരത്തേ എം.എ.ബേബിയും സമാന വിമര്‍ശനവുമായി എത്തിയിരുന്നു. സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് താങ്ങാവുന്നത്ര മാത്രമേ സംസാരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷക്കാരില്‍ വലതുപക്ഷ സ്വാധീനം നുഴഞ്ഞ് കയറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു.
മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം സെമിനാറില്‍ സംസാരിക്കവെ 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന പരസ്യവാചകം ശരിയായില്ലെന്ന് മുന്‍മന്ത്രി പി.രാജീവും കുറ്റപ്പെടുത്തിയിരുന്നു. ഇത് മറ്റൊരു ബോധം സൃഷ്ടിച്ചെന്നും കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിലും ശബരിമല സ്വര്‍ണക്കൊള്ളയിലും ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് തിരിച്ചടിയായെന്നും പറഞ്ഞു.






