
പത്തനംതിട്ട: പതിനഞ്ചുകാരിയെ താലികെട്ടിയശേഷം മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവും താലികെട്ടിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ (35) എന്നിവരെയാണ് മലയാലപ്പുഴ പോലീസ് പിടികൂടിയത്. ഫോണ്‍ മുഖേന വലയിലാക്കിയ പെണ്‍കുട്ടിയെയാണ് വിവാഹവാഗ്ദാനം ചെയ്ത് യുവാവ് താലി ചാര്‍ത്തിയതും പീഡിപ്പിച്ചതും. പെണ്‍കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു താലിചാര്ത്തല്.
കുട്ടിയെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം മലയാലപ്പുഴ പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. അതേസമയം മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ അമല്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ചുട്ടിപ്പാറയിലെത്തിച്ച് കഴുത്തില്‍ താലിചാര്‍ത്തി. അതിനുശേഷം വിവാഹം കഴിഞ്ഞതായി വിശ്വസിപ്പിച്ച് വൈകിട്ട് മൂന്നാറിലേക്കു കൊണ്ടുപോയി. യാത്രകളില്‍ അമ്മയും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനു സമീപം ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. ഇതിനിടെ മാതാവ് ശുചിമുറിയില്‍ പോയ തക്കംനോക്കി അമല്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ജില്ലാ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ അന്വേഷണസംഘം മൂവരെയും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരേ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്തും കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമില്‍ എത്തിച്ചിരിക്കുകയാണ്.
സംരക്ഷണച്ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അനേ്വഷണം. എസ്.ഐ: വി.എസ്. കിരണ്‍, എസ്.സി.പി.ഒമാരായ സുധീഷ് കുമാര്‍, ഇര്‍ഷാദ്, രതീഷ്, സി.പി.ഒമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അനേ്വഷണസംഘത്തിലുള്ളത്.






