
തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കും മോശമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്കും എതിരേ പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ സിപിഐ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതി കര്‍ശനമായി നടപ്പാക്കാനൊരുങ്ങുന്നു. തെറ്റുതിരുത്താനുള്ള സമയം കൊടുക്കുക മാപ്പു പറയിപ്പിക്കുക ഏറ്റവും ഒടുവില്‍ കടുത്ത നടപടിയെടുക്കുക എന്ന രീതിയിലാണ് നീക്കം.
അധിക്ഷേപകരമായ രീതിയില്‍ പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാനാണ് തീരുമാനം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പാര്‍ട്ടിയെ അപമാനിക്കുക പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുക ഏതെങ്കിലും രീതിയില്‍ അധിക്ഷേപിക്കുക തുടങ്ങിയവയെല്ലാം ഗുരുതര കുറ്റമാകും. ഇവരെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണയ്ക്കുന്നവരും നടപടിക്കു വിധേയമാകും.
തെറ്റുകാരായി കണ്ടെത്തുന്ന പ്രവര്‍ത്തകര്‍ക്ക് തിരുത്താന്‍ ഒരാഴ്ച സമയം നല്‍കുന്നതാണ് ആദ്യ പടി. അതിന് ശേഷവും പരസ്യമായി മാപ്പു പറയാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിച്ച് ഉപരിഘടകത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ഒടുവിലത്തെ നടപടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലാണ്. ഇത്തരം ഇടപെടല്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരെ പുറത്താക്കല്‍ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പാര്‍ട്ടി കടക്കും.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ മാര്‍ഗ്ഗരേഖയിലാണ് ഈ നിര്‍ദേശം ഉള്ളത്. സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂല്യബോധത്തോടെയും പാര്‍ട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെയും ഇടപെടണമെന്ന് സിപിഐ മുന്‍പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.
സൈബര്‍ ഇടങ്ങളിലെ അധിക്ഷേപം സിപിഐ ഇനി പൊറുക്കില്ല ; മാപ്പുപറച്ചില്ലെങ്കില് പുറത്താകല്‍ വരെ നേരിടേണ്ടി വരും






