
തിരുവനന്തപുരം/നെയ്യാറ്റിന്‍കര: മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. റേഡിയോളജി ഡിപ്ലോമ വിദ്യാര്‍ഥിയായിരുന്ന പാറശാല മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജ് (23) കൊല്ലപ്പെട്ട കേസില്‍ പ്രതി പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) കുറ്റക്കാരിയാണെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുകുമാരിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിക്കാന്‍ ഒത്താശ ചെയ്തതായി കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷയും ഇന്ന് വിധിക്കും. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്ന ഗ്രീഷ്മ ഏറെ നാടകീയമായാണ് കാമുകന് ഷാരോണിനെ ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ആദ്യം ജ്യൂസില്‍ അമിതമായി പാരസെറ്റമോള്‍ കലര്‍ത്തി നല്‍കിയെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് 2022 ഒക്ടോബര്‍ 14-നു ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ചു.
ഗ്രീഷ്മയുടെ വീട്ടില്‍നിന്നു മടങ്ങിയെത്തിയ ഷാരോണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ പാറശ്ശാലയിലെ ആശുപത്രിയിലും അവിടെനിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. വിഷം ഉള്ളില്‍ച്ചെന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായതിനേത്തുടര്‍ന്ന് മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും ഗ്രീഷ്മയെ അഗാധമായി പ്രണയിച്ചിരുന്ന ഷാരോണ്‍ കഷായം നല്‍കിയതാരെന്ന് വെളിപ്പെടുത്തിയില്ല. മരണമൊഴിയില്‍ പ്രതിക്കെതിരേ പരാമര്‍ശമില്ലാത്തത് കേസില്‍ പ്രോസിക്യൂഷനു വെല്ലുവിളിയായിരുന്നു. എന്നാല്‍, ഉറ്റസുഹൃത്തുക്കളോടും ബന്ധുക്കളോടും ഗ്രീഷ്മ ചതിച്ച വിവരം ഷാരോണ്‍ സൂചിപ്പിച്ചിരുന്നു. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമായി.
11 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഷാരോണ്‍ മരിച്ചതിനേത്തുടര്‍ന്ന് പാറശ്ശാല പോലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു. അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടിലാണു വീടെന്നും കേരളാ പോലീസിന്റെ അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീഷ്മയുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2023 ജനുവരി 25-നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ 15-ന് ആരംഭിച്ച വിചാരണ കഴിഞ്ഞ മൂന്നിനാണ് അവസാനിച്ചത്. 2023 ഒക്ടോബര്‍ 30-നു പ്രതി ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ഗ്രീഷ്മ പോലീസ് സ്റ്റേഷനിലെ ശൗചാലയത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒരുവര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസില്‍ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയതോടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു.
ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെ ശാസ്ത്രീയതെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന് വാദം. 95 സാക്ഷികളെ വിസ്തരിച്ചു. സിന്ധുകുമാരിയെ വിട്ടയച്ചതിനെതിരേ അപ്പീല്‍ നല്കുമെന്നു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാറും ഷാരോണിന്റെ സഹോദരന് ഷിമോനും വ്യക്തമാക്കി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് കേസില്‍ ഇന്ന് വിധി പറയുക.






