
കടുത്തുരുത്തി(കോട്ടയം): ഓണ്‍ലൈന്‍ ട്രേഡിങിലൂടെ കബളിപ്പിക്കപ്പെട്ട് വൈദികനു നഷ്ടമായത് ഒന്നര കോടി രൂപ. കാസര്‍ഗോഡ് സ്വദേശിയായ, കോട്ടയം കോതനല്ലൂര്‍ തൂവാനീസാ പ്രാര്‍ഥനാലയത്തിലെ അസി. ഡയറക്ടറായ വൈദികന് ദിനേഷ് കുര്യന് (37) കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നയാളാണു വൈദികന്.
കമ്പനി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികനെ ചേര്‍ക്കുകയായിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ അമിതലാഭവിഹിതം നല്‍കാമെന്നു പറഞ്ഞു മറ്റൊരു സംഘം വൈദികനെ ബന്ധപ്പെട്ടു. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത്. അതിനാല്‍ സംശയം തോന്നിയില്ല. ഇവരുടെ കെണിയില്‍പ്പെട്ട വൈദികന് ചെറിയ തുകകള്‍ നിക്ഷേപിച്ചു. കമ്പനി തുടക്കത്തില്‍ ലാഭവിഹിതം കൃത്യമായി നല്കി. 67 ലക്ഷം രൂപ തന്റെ വിവിധ അക്കൗണ്ടുകളില്‍ ലഭിച്ചതായും ഇദ്ദേഹം പറഞ്ഞു.
ഇതോടെ വൈദികന് മറ്റു സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും സഭയിലെ പരിചയക്കാരില്‍നിന്നും സ്വരൂപീച്ച 1.41 കോടി രൂപ ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് രണ്ടു കോടി തികച്ചു നിക്ഷേപിച്ചാല്‍ 15 കോടി തരാമെന്നു പറഞ്ഞു തട്ടിപ്പുകാര്‍ വൈദികനെ സമീപിച്ചു. സംശയം തോന്നിയ വൈദികന് കമ്പനി അധികൃതമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണു തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീടു നിര്‍മിക്കാന്‍ വെച്ചിരുന്ന 70 ലക്ഷവും കടം വാങ്ങിയ 45 ലക്ഷവും സ്വര്‍ണം പണയം വെച്ചു കിട്ടിയ 31 ലക്ഷവുമാണു ട്രെഡിങിനായി നിക്ഷേപിച്ചതെന്നാണു വൈദികന് പറയുന്നത്. പ്രമുഖ കമ്പനിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പിലൂടെയാണു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. പരാതി നല്കിയ സമയത്ത് ട്രേഡിങ്ങിനായി വൈദികന് തന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 28 ലക്ഷം രൂപ പോലീസ് ഇടപെട്ടു മരവിപ്പിച്ചിട്ടുണ്ടെന്നു കടുത്തുരുത്തി എസ്.എച്ച്.ഒ: ടി.എസ്. റെനീഷ് പറഞ്ഞു.
ഉത്തരേന്ത്യന്‍ സംഘമാകാം തട്ടിപ്പിനു പിന്നിലെന്നാണു പോലീസ് കരുതുന്നത്. വാട്സ്ആപ്പ് വഴി വന്ന മൊബൈല്‍ ആപ്പിന്റെ ലിങ്ക് ഡൗണ്‍ലോഡ് ചെയ്തു കയറിയാണു കമ്പനിയുമായി വൈദികന് ബന്ധപ്പെട്ടത്. ഇടുക്കി ജില്ലയിലെ സേനാപതിയില്‍നിന്നും സ്ഥലം മാറിയെത്തിയ ഫാ. ദിനേഷ് കഴിഞ്ഞ മേയ് മാസത്തിലാണു കോതനല്ലൂരിലെ തൂവാനീസാ പ്രാര്‍ഥനാലയത്തിലെ അസി. ഡയറക്ടറായി ചുമതലയേറ്റെടുത്തത്.






