
തിരുവനന്തപുരം/നെയ്യാറ്റിന്‍കര: മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക്് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ ഗ്രീഷ്മയ്ക്കെതിരേ 48 സാഹചര്യത്തെളിവുകളാണ് കോടതി കണ്ടെത്തിയത്. 586 പേജുള്ള വിധിന്യായത്തില്‍ അതിവിദഗ്ദ്ധമായ കൊലപാതകമെന്ന് കോടതി പറഞ്ഞു. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും കേസില്‍ പ്രണയത്തിന്റെ ആഴം വ്യക്തമാണെന്നും കോടതി പറഞ്ഞു.
പ്രതിയുടെ പ്രായമോ കുറ്റകൃത്യത്തില്‍ നേരത്തേ പങ്കാളിയായിരുന്നില്ല എന്നത് വിഷയമല്ലെന്നും കേസില്‍ ഷാരോണിന് പരാതി ഉണ്ടായിരുന്നോ എന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ ഒരു വാദവും കോടതി പരിഗണിച്ചില്ല. ഷാരോണിന് ഗ്രീഷ്മയോട് അഗാധമായ പ്രണയമായിരുന്നു ഉണ്ടായിരുന്നതെന്നും പ്രണയത്തിന്റെ ആഴം ഷാരോണിന്റെ മരണമൊഴിയിലും വ്യക്തമാണെന്നും കോടതി വിലയിരുത്തി. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ല. ഷാരോണിനും അതേ പ്രായമായിരുന്നെന്ന് കോടതി വിലയിരുത്തി.
കേരളത്തെ ഞടുക്കിയ കേസില്‍ സമര്‍ത്ഥമായ കൊലപാതകമായിരുന്നു നടന്നതെന്ന് കോടതി പറഞ്ഞു. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ലൈംഗികബന്ധത്തിനായിട്ടാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ ഒരു തരത്തിലും സംശയിച്ചില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് കൊലപാതകശ്രമം നടന്നതെന്നും കോടതി വിലയിരുത്തി. 11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആശുപത്രിയില്‍ കിടന്ന ഷാരോണ്‍ മരണക്കിടക്കയില്‍ പോലും ഗ്രീഷ്മയെ സ്നേഹിച്ചു. പ്രതിശ്രുതവരനുമായി ബന്ധം തുടരുമ്പോഴും സംഭവദിവസം ഷാരോണ്‍ ഗ്രീഷ്മയെ മര്‍ദ്ദിച്ചില്ല. ഷാരോണ്‍ നിഷ്ക്കളങ്കനെന്നും പറഞ്ഞു.
പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. ഇതൊരു വൈകാരിക കൊലപാതമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും കോടതി വിലയിരുത്തി. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ ശ്രമം പാളിയെന്നും പ്രകോപനമില്ലാതെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം സ്നേഹാഭിനയം നിരന്തരം മെസേജ് അയച്ചുകൊണ്ടിരുന്നു. ഇനിയും ഇങ്ങിനെ ചെയ്തേക്കാന്‍ സാധ്യതയുണ്ട്. ഗ്രീഷ്മയുടെ ആത്മഹത്യശ്രമം അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു എന്നും ലക്ഷ്യം സ്ളോ പോയിസണിംഗ് ആയിരുന്നെന്നും പ്ലാന്‍ഡ് മര്‍ഡര്‍ ആയിരുന്നെന്നും കോടതി വിലയിരുത്തി.
പ്രതിയുടെ പ്രായം കണക്കിലെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗ്രീഷ്മ നേരത്തേയും വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും വധശ്രമം നടത്തിയെന്നും ഷാരോണിനെ ഘട്ടം ഘട്ടമായി കൊല്ലുകയായിരുന്നു ലക്ഷ്യമിട്ടതെന്നും വിലയിരുത്തി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അവസാനം വരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊളളില്ലെന്ന സന്ദേശമാണ് കേസ് നല്‍കുന്നതെന്നും കോടതി വിലയിരുത്തി. സ്നേഹിക്കുന്ന് ആളെ ചതിക്കുന്നത് സമൂഹത്തിന് നല്കുന്ന നല്ല സന്ദേശമല്ല.
പ്രതിയൂടെ കുടുംബത്തെ കാണണമെന്നും കോടതി പറഞ്ഞു. ഷാരോണിന്റെ അമ്മയെയും അച്ഛനെയും സഹോദരനെയും കോടതി അകത്തേക്ക് വിളിച്ചായിരുന്നു വിധി പ്രസ്താവ്യം നടത്തിയത്. പോലീസിനെ കോടതി അഭിനന്ദിച്ചു. അന്വേഷണം മാറിയ കാലത്തിന് അനുസൃതമായി സമര്ത്ഥമായിട്ടും കാലികമായിട്ടുമാണ് പോലീസ് നടത്തിയതെന്ന് കോടതി വിലയിരുത്തി. കേസില്‍ കഴിഞ്ഞ ദിവസം അന്തിമ വാദം പൂര്‍ത്തിയാക്കിയ കോടതി ശിക്ഷ വിധിക്കല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. വിധിന്യായം കേട്ട് കോടതിക്കുള്ളില്‍ ഗ്രീഷ്മ കരഞ്ഞു.






