
കൊച്ചി : മൂന്ന് പേരെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അയല്‍വാസി കൂടിയായ ഋതുവിന്റെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.
കനത്ത ജനരോഷം കണക്കിലെടുത്ത് രഹസ്യമായിട്ടാകും തെളിവെടുപ്പ് നടത്തുക. നിലവില്‍ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിലുള്ള ഋതുവിനെ രാവിലെ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം ഉച്ചയോടെയാകും തെളിവെടുപ്പിന് എത്തിക്കുക. ജനുവരി 18 ന് കേരളത്തെ നടുക്കിയ കൊലപാതകത്തിന് ശേഷം പറവൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശാനുസരണം അഞ്ചുദിവസമായി കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നാലെ തന്നെ ഋതുവിനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു നാട്ടില്‍ എത്തിയത്. ലഹരിക്ക് അടിമയാണെങ്കിലും ആക്രമണ സമയത്ത് ഋതു ലഹരിയില്‍ ആയിരുന്നില്ല എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. മാനസിക പ്രശന്ങ്ങളും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. അതേസമയം ഋതുവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലപ്പെട്ട വിനീഷയുടെ ഭര്‍ത്താവ് ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. തലയില്‍ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല.
ജിതിന് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന് ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമായി ഋതു മൊഴി നല്‍കിയിരിക്കുന്നത്. ജിതിനെ ആക്രമിക്കാന്‍ ചെന്ന ഋതു ആദ്യം വിനീഷയെയും പിന്നാലെ ജിതിനെയും തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിനൊഴികെ എല്ലാവരും മരണത്തിന് കീഴടങ്ങിയിരുന്നു.






