
ബോളിവുഡിനെ ഏറെ ഞെട്ടിച്ചു കൊണ്ടാണ് ജനുവരി 16 ന് പുലർച്ചെ സെയ്ഫ് അലി ഖാൻ ബാന്ദ്രയിലെ വീട്ടിൽ വെച്ച് ആറ് തവണ കുത്തേറ്റത്. രാജ്യത്തുടനീളമുള്ള ആളുകളെയും ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിച്ച, ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മകനെയും കുടുംബത്തെയും ഉപദ്രവിക്കാനൊരുങ്ങിയപ്പോഴാണ് ധൈര്യത്തോടെ സെയ്ഫ് അയാളെ നേരിട്ടത്. പ്രകോപിതനായ അക്രമി ആറു പ്രാവശ്യമാണ് താരത്തെ കുത്തി പരിക്കേല്‍പ്പിച്ചത്.
ഇപ്പോഴിതാ സെയ്ഫ് അക്രമത്തിന് ഇരയായി ദിവസങ്ങൾക്ക് ശേഷം, താരത്തിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അക്ഷയ് കുമാര്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സ്കൈ ഫോഴ്സിന്റെ ഒരു പ്രൊമോഷൻ പരിപാടിയിൽ വച്ചാണ് അക്ഷയ് കുമാര്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത്. സെയ്ഫ് അലി ഖാന്റെ ധീരതയെ അഭിനന്ദിച്ച അക്ഷയ് കുമാർ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നതിനാൽ ആശ്വാസം പ്രകടിപ്പിച്ചു.
‘‘അദ്ദേഹം സുരക്ഷിതനായതിൽ വളരെ സന്തോഷമുണ്ട്, ഇത് വളരെ നല്ലതാണ്, ഞങ്ങൾ സന്തുഷ്ടരാണ്. അദ്ദേഹം സുരക്ഷിതനായതിൽ ഇൻഡസ്ട്രി ഒന്നടങ്കം സന്തോഷത്തിലാണ്. തന്റെ കുടുംബത്തെ അദ്ദേഹം സംരക്ഷിച്ചത് വളരെ ധീരമായിട്ടാണ്. അതിനായി അദ്ദേഹത്തിന് ഹാറ്റ് ഓഫ് കൊടുക്കുന്നു. ഞങ്ങള്‍ പണ്ട് ഒരു സിനിമ ചെയ്തിരുന്നു, മെയ്ൻ ഖിലാഡി തു അനാരി. വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ, അതിന് ദോ ഖിലാഡി എന്ന് പേരിടണം...’’ അക്ഷയ് കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേല്പിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് താരം ആശുപത്രി വിട്ടേക്കും.






