
സംവിധായകന് ഷാഫിയെ അനുസ്മരിച്ച് മിയ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഷാഫിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ ഹൃദയഭാരം അടക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാകില്ലെന്നും മിയ കുറിച്ചു.
ഒരാള്‍ക്ക് ബോറടിക്കാതെ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും സംസാരിച്ചിരിക്കാന്‍ കഴിയുന്ന ഒരാളാണ് ഷാഫി എന്ന് മിയ പറയുന്നു. എല്ലാവരോടും വളരെ സ്നേഹപൂര്‍വം പെരുമാറുന്ന ആളായിരുന്നു ഷാഫി. അദ്ദേഹത്തിന്റെ വിയോഗം വളരെ പെട്ടെന്നായിപ്പോയെന്നും സിനിമകളിലൂടെ അദ്ദേഹം എന്നും നമുക്കിടയില്‍ ജീവിക്കുമെന്നും മിയ കുറിച്ചു.
‘എന്റെ ഹൃദയം കനപ്പെട്ടിരിക്കുന്നു. അദ്ദേഹം പോയി എന്ന സത്യം ഉള്‍ക്കൊളളാന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ എത്രമാത്രം ദു:ഖിതയാണെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അദ്ദേഹം എപ്പോഴും ഒരു തമാശക്കാരനായിരുന്നു. ചുറ്റും നടക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ പോലും ഒരു തമാശ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
ഫോണില്‍ മറ്റൊന്നും തിരയാതെ മണിക്കൂറുകളോളം നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാന്‍ പറ്റുന്ന ഏക മനുഷ്യന് അദ്ദേഹമാണ്. കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹവും നമ്മെ എപ്പോഴും രസിപ്പിച്ചുകൊണ്ടിരിക്കും.
സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ഫോട്ടോ എടുക്കുന്നത് കാണാം. ഇത്രയും സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചെയ്ത മറ്റൊരു സംവിധായകന് ഇത്തരത്തില്‍ പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം കൂളായി പെരുമാറിയതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്.
വളരെ വേഗം പോയിക്കളഞ്ഞല്ലോ ഷാഫി സാര്‍ അങ്ങളുടെ സിനിമകളോടൊപ്പം തന്നെ അങ്ങും ഞങ്ങളോടൊപ്പം എന്നെന്നേക്കുമായി ഇവിടെ ഉണ്ടാകും’ മിയ കുറിച്ചു.






