
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയില്‍ പിടിമുറുക്കി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. ബി.ജെ.പി. ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ബഹുഭൂരിപക്ഷവും മുരളീധരനൊപ്പമുള്ളവര്. തിരുവനന്തപുരത്ത് കരമന ജയനെ നഗരജില്ലാ പ്രസിഡന്റാക്കിയത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. ഇതിനൊപ്പം വലിയ എതിര്‍പ്പുകള്‍ കൂടാതെ ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിച്ചതിന് പിന്നിലും മുരളീധരന്റെ ഇടപെടലുകളാണ്.
മുതിര്‍ന്ന നേതാക്കള്‍ ജില്ലാപ്രസിഡന്റുമാരാകണമെന്ന തന്ത്രവും നിര്‍ണായകമായി. പി.കെ. കൃഷ്ണദാസ് പക്ഷേത്തെയും ശോഭാ സുരേന്ദ്രന് അനുകൂലികളെയും പിണക്കാതെ തിരുമാനം വന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശങ്ങളും പരിഗണിച്ചു. ഇതിന് പിന്നിലെ നയതന്ത്രം മുരളീധരന്റേതായിരുന്നു. ഇതോടെ അടുത്ത സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലും മുരളീധരന്റെ നിലപാട് നിര്‍ണായകമാകും. മുരളീധരനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്കു കേന്ദ്രം പരിഗണിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്, എം.ടി. രമേശ് എന്നിവരെയാണ് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരിഗണനാപട്ടികയിലുണ്ട്.
ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയിലെ സൂചനകള്‍ മുരളീധരനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള സാധ്യതയായി കാണുന്നവരുണ്ട്. നിലവിലെ പ്രസിഡന്റ് കെ. സുരേന്ദ്രനും സാധ്യത കല്പ്പിക്കുന്നവരുണ്ട്. സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെയാണ് ബി.ജെ.പി. പ്രഖ്യാപിച്ചത്. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനം വൈകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കി.
സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരായി ഇടംപിടിച്ചു. കരമന ജയന്, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്മണ്യന്, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്. കരമന ജയന്, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്. കരമന ജയന് പ്രായപരിധിയിലും ഇളവ് കിട്ടി. അറുപത് വയസാണ് ജില്ലാ അധ്യക്ഷന്മാരാകാന് നിശ്ചയിച്ച പ്രായ മാനദണ്ഡം. മുരളീധരന്റെ പിന്തുണയാണ് ഇത് മറികടക്കാന്‍ കരമനയ്ക്ക് തുണയായത്.






